Connect with us

Idukki

നെടുങ്കണ്ടം സ്റ്റേഷനിലെ മര്‍ദനാരോപണം; പ്രതി സ്റ്റേഷനില്‍ വിളയാടിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published

|

Last Updated

നെടുങ്കണ്ടം: കുടുംബ വഴക്കിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ പോലീസ് മര്‍ദിച്ചുവെന്ന ആരോപണത്തിനു പിന്നാലെ സംഭവ ദിവസം പ്രതി പോലീസ് സ്റ്റേഷനില്‍ കാട്ടിക്കൂട്ടിയ വിക്രിയകളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന് മര്‍ദനമേറ്റെന്ന ആരോപണത്തിന് പിന്നാലെ, അതേദിവസം സ്റ്റേഷനിലുണ്ടായിരുന്ന തനിക്കും മര്‍ദനമേറ്റെന്ന പരാതിയുമായി രംഗത്ത് വന്ന ഹക്കീം എന്നയാള്‍ മദ്യലഹരിയില്‍ സ്‌റ്റേഷനില്‍ പരാക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പ്രദേശിക ചാനല്‍ പുറത്തുവിട്ടത്. ഹക്കീം ലോക്കപ്പിന്റെ ഗ്രില്ല്ില്‍ ചവിട്ടുന്നതും സെല്ലിനകത്തെ വസ്തുക്കള്‍ എടുത്ത് എറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പോലീസുകാരോട് ഇയാള്‍ ആക്രോശിക്കുന്നതും കാണാം.

ഭാര്യാപിതാവ് നല്‍കിയ പരാിയിൽ പോലീസ് കസ്റ്റഡയിലെടുത്ത തന്നെ പോലീസുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ഹക്കീം ആരോപിച്ചിരുന്നത്. ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമായിരുന്നു മര്‍ദനമെന്നും തന്നെ സെല്ലിലേക്ക് എടുത്തെറിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയാതിരിക്കാനായി ക്യാമറയ്ക്ക് മുന്നില്‍ പോലീസുകാര്‍ മറഞ്ഞു നിന്നുവെന്നും മര്‍ദനം സഹിക്ക വയ്യാതെ കുതറിയോടിയ താന്‍ സെല്ലിന്റെ ഗ്രില്ലില്‍ പിടിച്ചുനിന്നുവെന്നും എന്നാല്‍ പോലീസുകാര്‍ മര്‍ദനം തുടര്‍ന്നെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍.

മര്‍ദനത്തിനിടെ, ഗ്രില്ലിന്റെ ഒരു ഭാഗം അടര്‍ന്ന് പോയെന്നും പിറ്റേന്ന് രാവിലെ സ്റ്റേഷനില്‍ എത്തിയ ഹക്കിമിന്റെ മാതാവ് സുല്‍ഫത്തിനോട് ഗ്രില്ല് നന്നാക്കാന്‍ പോലിസ് 4000 രൂപ ആവശ്യപെട്ടെന്നും ഹക്കീം അന്ന് പറഞ്ഞിരുന്നു. തുക നല്‍കിയില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. ഇതോടെ 700 രൂപ മുടക്കി ഗ്രില്ല് നന്നാക്കുകയായിരുന്നെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഹക്കീമിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഭാര്യ റസീന പറയുന്നത്. ഇവരുടെ പിതാവ് കൂട്ടാര്‍ ചെട്ടിയാരുപാറ മാങ്കള്‍ ഇസ്മയിലാണ് ഹക്കിമിനെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്. അഞ്ച് വര്‍ഷം മുമ്പ് തന്നെ വിവാഹം ചെയ്ത ഹക്കീം കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍ക്ക് അടിമായിരുന്നുവെന്നും ഇയാള്‍ സ്ഥിരമായി തന്നെ മര്‍ദിച്ചിരുന്നതായും റസീന പറയുന്നു.

ഹക്കീമിനെതിരെ ഭാര്യ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പതിനാലിനാണ് ഇരൂ കൂട്ടരേയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. സ്റ്റേഷനില്‍ എത്തിയ ഹക്കീം ഇവിടെ വെച്ച് ഭാര്യ പിതാവിനെ മര്‍ദിച്ചു. തുടര്‍ന്ന് പോലിസ് ഇയാളെ ലോക്കപ്പിലടയ്ക്കുകയായിരുന്നു. സെല്ലിലെ ഗ്രില്ല് ഇയാള്‍ ചവിട്ടി വളയ്ക്കുകയായിരുന്നുവെന്നാണ് റസീനയുടെ പിതാവ് പറയുന്നത്.

കഴിഞ്ഞ മാസം പതിനഞ്ചിന് റിമാന്‍ഡിലായ ഹക്കിം ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആ സമയം ലോക്കപ്പില്‍ ആരെയോ മര്‍ദിക്കുന്നുണ്ടായിരുന്നുവെന്നും അയാള്‍ അലറിക്കരയുന്നുണ്ടായിരുന്നുവെന്നും ഹക്കീം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.