സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

Posted on: July 3, 2019 12:52 pm | Last updated: July 3, 2019 at 2:00 pm

തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിയായ കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. തിരുവനന്തപുരത്തെ പിടിപി നഗറിലുള്ള വീട്ടിലാണ് സിബിഐ കൊച്ചി യൂണിറ്റ് റെയ്ഡ് നടത്തിയത്. എഎസ്പി ടി വി ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കേസില്‍ പ്രതികളായ അഡ്വ. ബിജു, വിഷ്ണു സോമസുന്ദരം എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു.

സ്വര്‍ണ്ണക്കടത്തു കേസില്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഡിആര്‍ഐയാണ് സ്വര്‍ണം പിടികൂടിയതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് സിബിഐയും അന്വേഷണം നടത്തുന്നത്. കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം അഡ്വ. ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്നാണ് സിബിഐ എഫ്‌ഐആര്‍.