ടിക് ടോക് ചിത്രീകരിക്കാന്‍ പുഴയിലേക്ക് ചാടിയ യുവാക്കളിലൊരാളെ കാണാതായി

Posted on: July 3, 2019 12:04 pm | Last updated: July 3, 2019 at 12:54 pm

ഗൊരഖ്പൂര്‍: ടിക് ടോക് ചിത്രീകരിക്കാന്‍ നദിയിലേക്ക് ചാടിയ സുഹൃത്തുക്കളില്‍ ഒരാളെ കാണാതായി. ഗൊരഖ്പൂരിലാണ് 19 കാരായ ദാനിഷ്, ആഷിഖ് എന്നിവര്‍ വീഡിയോ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയത്. ദാനിഷിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ആഷിഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ചയാണ് ഇരുവരും നദിയിലേക്ക് ചാടിയത്. ആഷിഖിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ഇരുവരും വൈകീട്ട് നടക്കാന്‍ ഇറങ്ങിയതായിരുന്നു. പാലത്തിന് സമീപത്തെത്തിയപ്പോള്‍ ചിലര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. സമാനമായ രീതിയില്‍ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് ദുരന്തമായത്. ദാനിഷാണ് ആദ്യം നദിയിലേക്ക് ചാടിയത്. ആഷിഖ് ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അല്‍പ്പസമയത്തിനുള്ളില്‍ ആഷിഖും നദിയിലേക്ക് എടുത്തുചാടിയെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. ഹൈദരാബാദിലെ ഔറംഗാബാദ് സ്വദേശിയായ ദാനിഷ്, ബന്ധുവീട്ടിലെത്തിയതായിരുന്നു. അവിടെ വച്ചാണ് ആഷിഖുമായി സൗഹൃദത്തിലാകുന്നത്. ഓട്ടോ ഡ്രൈവറാണ് ആഷിഖ്.