Connect with us

National

പിന്നാക്ക വിഭാഗത്തിലെ 17 ജാതികളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം; യോഗി സര്‍ക്കാറിനെതിരെ കേന്ദ്രം

Published

|

Last Updated

ലക്‌നൗ: പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട 17 ജാതികളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള യു പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കേന്ദ്രം. ഭരണഘടനാ വിരുദ്ധമാണ് യു പി സര്‍ക്കാറിന്റെ തീരുമാനമെന്നും ഇത്തരം വിഷയങ്ങളില്‍ നടപടി സ്വീകരിക്കാന്‍ പാര്‍ലിമെന്റിന് മാത്രമാണ് അധികാരമെന്നും കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി തവാര്‍ചന്ദ് ഗെഹ്‌ലോട്ട് രാജ്യസഭയെ അറിയിച്ചു.

കൃത്യമായ നിയമ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാകൂയെന്നും വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കേന്ദ്രത്തിന് അപേക്ഷ നല്‍കാവുന്നതാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ബി എസ് പി എം പി. സതീഷ് ചന്ദ്ര മിശ്രയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ 24നാണ് പിന്നാക്ക വിഭാഗത്തില്‍ പെട്ട 17 ജാതിക്കാരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ യു പി സര്‍ക്കാര്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ബി എസ് പി നേതാവ് മായാവതി ഇതിനെതിരെ രംഗത്തു വന്നതോടെയാണ് വിഷയം വിവാദമായത്. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ബി ജെ പി നീക്കമാണ് ഇതിനു പിന്നിലെന്ന് വ്യാപക വിമര്‍ശമുയര്‍ന്നിട്ടുണ്ട്.