അമേരിക്ക ആക്രമിച്ചാല്‍ ഇസ്‌റാഈലിന്റെ ആയുസ് അരമണിക്കൂര്‍ മാത്രം;മുന്നറിയിപ്പുമായി ഇറാന്‍

Posted on: July 2, 2019 2:55 pm | Last updated: July 2, 2019 at 6:55 pm

ടെഹ്റാന്‍: അമേരിക്ക ആക്രമിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്‌റാഈലിനെ പൂര്‍ണമായി നശിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ, വിദേശനയ കമ്മിഷന്‍ ചെയര്‍മാന്‍ മൊജ്താബ സൊന്നൂറാണ് ഒരു അറബിക് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഞങ്ങളെ ആക്രമിച്ചാല്‍ ഇസ്രയേലിന്റെ ആയുസ്സ് പിന്നെ അരമണിക്കൂര്‍ മാത്രമേ നീളൂവെന്നും മൊജ്താബ വ്യക്തമാക്കി. സിറിയയിലെ ഇറാന്റെ ആയുധകേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേല്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് മൊജ്താബയുടെ പ്രസ്താവന. യുഎസ്-ഇറാന്‍ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കെ യുഎസ് സഖ്യത്തോടൊപ്പം നില്‍ക്കുന്ന ഇസ്രയേലിന്റെ പ്രകോപനപരമായ നിലപാട് രാജ്യാന്തരതലത്തിലും ആശങ്ക ശക്തമാക്കിയിരുന്നു.

ഇറാനെ ആക്രമിക്കാനുള്ള നീക്കം പെട്ടെന്നു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം നാടകമാണെന്നും മൊജ്താബ പറഞ്ഞു. ആക്രമണം വിജയമാകുമെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ അവര്‍ അതു ചെയ്യാതിരിക്കില്ലെന്നും പ്രസിഡന്റിന്റെ ഉപദേശകര്‍ പരാജയം മണത്തിരുന്നുവെന്നും മൊജ്താബ പറഞ്ഞു. മേഖലയിലെ അമേരിക്കയുടെ 36 സൈനിക കേന്ദ്രങ്ങളും ഇറാന്റെ നിരീക്ഷണത്തിലാണെന്നും മൊജ്താബ പറഞ്ഞു. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതിന് പിറകെ ഇറാനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ കൂടുതല്‍ ആള്‍നാശം ഉണ്ടാകുമെന്നതിനാല്‍ പിന്‍മാറുകയായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.