നാടകീയ കൂടിക്കാഴ്ച നാടകമാകാതിരിക്കട്ടെ

Posted on: July 2, 2019 11:37 am | Last updated: July 2, 2019 at 11:37 am

ജി20 ഉച്ചകോടിയോടനുബന്ധിച്ച് ചൈനീസ് പ്രസിഡന്റുമായടക്കം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചര്‍ച്ച അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതില്‍ വെച്ച് ഏറ്റവും ഉത്തമമായിരുന്നു. ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന് താത്കാലികമായെങ്കിലും അറുതിയായി. പുതിയ തീരുവകള്‍ ചുമത്തില്ലെന്ന് ഇരു പക്ഷവും തീരുമാനത്തിലെത്തിയത് ആഗോള വ്യാപാര രംഗത്ത് ചെറുതല്ലാത്ത ആശ്വാസം പകര്‍ന്നു. ഈ അയഞ്ഞ സമീപനത്തിന്റെ തുടര്‍ച്ചയായി കാണാവുന്നതാണ് ട്രംപിന്റെ അപ്രതീക്ഷിത ഉത്തര കൊറിയന്‍ സന്ദര്‍ശനം. പദവിയിലിരിക്കെ ഉത്തര കൊറിയയിലെത്തുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഇനി ഡൊണാള്‍ഡ് ട്രംപെന്നാണ് ഉത്തരം.

ഉത്തര, ദക്ഷിണ കൊറിയകളുടെ അതിര്‍ത്തി പ്രദേശത്തെ സൈനികമുക്ത മേഖലയിലെത്തിയ ട്രംപ്, ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. കൊറിയകളെ വേര്‍തിരിക്കുന്ന മിലിട്ടറി ഡിമാര്‍ക്കേഷന്‍ കടന്നെത്തിയ ട്രംപിനെ ഉന്‍ സ്വീകരിച്ചു. അങ്ങേയറ്റം വികാരഭരിതമായിരുന്നു കൂടിക്കാഴ്ച. ഇത് മൂന്നാം തവണയാണ് ഉന്നും ട്രംപും കൂടിക്കാഴ്ച നടത്തുന്നത്. സിംഗപ്പൂരിലെ സെന്റോസ ദ്വീപില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ആദ്യത്തേത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിയറ്റ്‌നാമില്‍ വെച്ചായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച. ഇപ്പോള്‍ ഉത്തര കൊറിയയില്‍ തന്നെയെത്തി ട്രംപ്.

ഒരുക്കങ്ങളൊന്നുമില്ലാതെയായിരുന്നു സന്ദര്‍ശനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഒട്ടും ഒരുങ്ങാതെ ഒരു യു എസ് പ്രസിഡന്റും ഉത്തര കൊറിയ പോലുള്ള ഒരു രാജ്യത്ത് എത്തില്ലെന്ന് ഉറപ്പാണ്. കാരണം അകല്‍ച്ചയുടെയും പോര്‍വിളികളുടെയും സുനാമി ഒന്നടങ്ങിയിട്ടേയുള്ളൂ ഉത്തര കൊറിയക്കും അമേരിക്കക്കുമിടയില്‍. ഇത്തരമൊരു സാഹചര്യത്തില്‍ ട്രംപ് ഉത്തര കൊറിയയില്‍ എത്തിയതിന് സവിശേഷമായ ലക്ഷ്യങ്ങളുണ്ടാകും. ഏറ്റവും പ്രധാന ലക്ഷ്യം പ്രതിച്ഛായാ നിര്‍മിതിയാണ്. സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്ന പ്രസിഡന്റെന്ന പ്രതിച്ഛായയെ അദ്ദേഹം ഭയന്നു തുടങ്ങിയിരിക്കുന്നു. നയതന്ത്രത്തിന്റെ ഭാഷ തനിക്ക് അറിയാമെന്ന് ഉദ്‌ഘോഷിച്ചു കൊണ്ട് മാത്രമേ ഈ പ്രതിച്ഛായാ നിര്‍മിതി സാധ്യമാകുകയുള്ളൂ. അതിന് ഏറ്റവും നല്ലത് ഉത്തര കൊറിയയുമായുള്ള ഇടപെടലാണ്. ഇനി താഴാനില്ലാത്തത്ര താഴ്ന്ന വാക്കുകളാണ് ഇരു പക്ഷവും പരസ്പരം കൈമാറിക്കഴിഞ്ഞത്. യുദ്ധം ആസന്നമായി എന്ന് തന്നെ തോന്നിച്ചിരുന്നു ആ വാക്‌പോര്. ഉന്‍ അമേരിക്കയെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ “ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത തീയും രോഷവും’ ആ രാഷ്ട്രത്തിന് നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ താക്കീത്. കൊറിയന്‍ ശക്തി എന്തെന്ന് മനസ്സിലാക്കിക്കൊടുക്കുമെന്ന് ഉന്‍ തിരിച്ചടിച്ചു. പക്ഷേ ഒന്നും നടന്നില്ല. ഇരുപക്ഷവും വളരെ വേഗം അടങ്ങുന്നതാണ് കണ്ടത്. പ്രത്യേകിച്ച് ട്രംപ്.

സത്യത്തില്‍ ഈ രാജ്യങ്ങള്‍ക്കിടയില്‍ സംയമനം കൊണ്ടു വരുന്നത് ആയുധങ്ങളാണ്. ഉത്തര കൊറിയ ആണവ ശക്തിയാണെന്ന് യു എസിന് നന്നായി അറിയാം. ഉ. കൊറിയ അവകാശപ്പെടുന്ന അത്രയില്ലെങ്കിലും അമേരിക്കയെ ശക്തമായി ഉലയ്ക്കാനുള്ള മിസൈല്‍ ശക്തി ആ രാജ്യത്തിനുണ്ട്. ജപ്പാനെയോ ദക്ഷിണ കൊറിയയെയോ ആക്രമിച്ചു കൊണ്ട് യു എസുമായി പരോക്ഷ യുദ്ധത്തിന് ഒരു തയ്യാറെടുപ്പും ഉന്നിന്റെ രാജ്യത്തിന് ആവശ്യമില്ല. ഇറാഖില്‍ കൂട്ട നശീകരണ ആയുധങ്ങളുണ്ടെന്ന് കളവ് പറഞ്ഞ് ആക്രമിച്ച പോലെയല്ല കാര്യങ്ങളെന്ന് ചുരുക്കം. അതുകൊണ്ട് ഉ. കൊറിയയോട് നയതന്ത്രം മാത്രമാണ് പോംവഴിയെന്ന് ട്രംപ് കണക്കു കൂട്ടുന്നു. യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം മുന്നില്‍ കണ്ടാണ് ഇറാനടക്കമുള്ള എല്ലാ ലക്ഷ്യങ്ങള്‍ക്ക് മുന്നിലും അമേരിക്ക സംയമനത്തിന്റെ സ്വരം പുറത്തെടുക്കുന്നത്. ഉത്തര കൊറിയയും യുദ്ധം ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് വേണ്ടത് ഉപരോധം നീങ്ങി സാമ്പത്തിക ഭദ്രതയിലേക്ക് വഴി തുറക്കുകയാണ്. ഈ ലക്ഷ്യങ്ങള്‍ യോജിക്കുന്നുവെന്നാണ് ട്രംപും ഉന്നും മൂന്നാമതും കാണുന്നതിന്റെ അര്‍ഥം.

പക്ഷേ, അത്ര ഋജുവാകണമെന്നില്ല ഭാവിയിലേക്കുള്ള വഴി. യു എസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നത് തന്നെയാണ് പ്രശ്‌നം. 1990കളില്‍ ക്ലിന്റണ്‍ ഭരണകാലത്ത് യു എസുമായി ഉ. കൊറിയ ആണവ പരിപാടി മരവിപ്പിക്കല്‍ കരാര്‍ ഒപ്പുവെച്ചതാണ്. ആരാണ് അത് പൊളിച്ചത്? ബുഷ് ഭരണകൂടം. ഇറാനുമായി ഒബാമയുണ്ടാക്കിയ കരാര്‍ ട്രംപ് വന്നപ്പോള്‍ വെറും കടലാസായില്ലേ. ലിബിയന്‍ നേതാവ് ഗദ്ദാഫി യു എസിന്റെ വാക്ക് കേട്ട് ആണവ പരിപാടി ഉപേക്ഷിച്ചു. ഒടുവില്‍ അദ്ദേഹത്തെ നാറ്റോ ആക്രമിച്ചു. മിസ്‌റാത്തയിലെ അഴുക്കു ചാലിലായിരുന്നു ആ രാഷ്ട്രത്തലവന്റെ അന്ത്യം.

അമേരിക്കന്‍ ചേരിക്ക് താത്പര്യമില്ലാത്തവരെ മാത്രം ആണവായുധമുക്തമാക്കുന്നത് ലോക സമാധാനത്തിനുള്ള ശരിയായ വഴിയാകണമെന്നില്ല. ഇറാനും ഉത്തര കൊറിയയും ആണവായുധങ്ങള്‍ നിര്‍വീര്യമാക്കണമെന്ന് പറയുന്ന അമേരിക്കയും ഇസ്‌റാഈലും വന്‍കിട ആണവ ശക്തികളായി നിലനില്‍ക്കുകയാണെന്നോര്‍ക്കണം. പക്ഷപാതരഹിതമായ ആയുധ നിര്‍വ്യാപന ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ നേതാക്കള്‍ നാടകീയമായി കാണുന്നതും ചരിത്രം കുറിക്കുന്നതും അക്ഷരാര്‍ഥത്തില്‍ നാടകമായി അവശേഷിക്കും.