കസ്റ്റഡി മരണം: ഉന്നത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സേനക്കുള്ളില്‍ പ്രതിഷേധം ഉയരുന്നു

Posted on: July 2, 2019 9:15 am | Last updated: July 2, 2019 at 11:47 am

തിരുവനന്തപുരം: ഇടുക്കി പീരുമേട് നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ താഴതട്ടിലുള്ള പോലീസുകാരെ ബലിയാടാക്കുന്നതിനെതിരെ സേനക്കുള്ളില്‍ അമര്‍ശം. ഉന്നത പോലീസുകാരെ ഒഴിവാക്കി താഴെക്കിടയിലുള്ള പോലീസുകാരില്‍ അവധിയിലുള്ളവര്‍ക്ക് എതിരെ വരെ നടപടി എടുക്കുന്നതായാണ് ആരോപണം. ഈ സാഹചര്യത്തില്‍ ഉന്നത പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെടാനാണ് പോലീസ് സേനയിലെ ഒരു വിഭാഗത്തിന്റെ നീക്കം.

കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം എസ്‌ഐ ഉള്‍പ്പടെ എട്ട് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും സി ഐ ഉള്‍പ്പടെ അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സംഭവം നടന്ന സമയത്ത് അവധിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുത്തു എന്നാണ് ഉയരുന്ന ആക്ഷേപം. അവധിയിലായിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതിന്റെ ഔചിത്യം മനസിലാകുന്നെല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. ഇദ്ദേഹത്തിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റതായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരുന്നു.

സംഭവത്തില്‍ ഇന്നലെ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരേ അന്വേഷണത്തിന് ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ് ഉത്തരവിട്ടിരുന്നു. ജയില്‍ ഡി ഐ ജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഋഷിരാജ് സിംഗിന്റെ നിര്‍ദേശം.