അഭിമന്യു സ്മാരകം: അനാച്ഛാദനം തടയാനാകില്ലെന്ന് ഹൈക്കോടതി

Posted on: July 1, 2019 7:08 pm | Last updated: July 2, 2019 at 10:05 am

കൊച്ചി: മഹാരാജാസ് കോളജില്‍ നിര്‍മ്മിച്ച അഭിമന്യു സ്മാരകത്തിന്റെ അനാച്ഛാദന ചടങ്ങ് തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ ഭൂമിയില്‍ അനുമതിയില്ലാതെയാണ് സ്മാരകത്തിന്റെ നിര്‍മ്മാണം എന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.കോളജിലെ കാര്യങ്ങളില്‍ കോടതി അല്ല പ്രിന്‍സിപ്പാള്‍ ആണ് തീരുമാനം എടുക്കേണ്ടതെന്ന് ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്. അതേസമയം അനാച്ഛാദന ചടങ്ങിനിടെ ക്രമ സമാധാന പ്രശ്‌നം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോളേജ് അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചു.

ക്യാമ്പസിനകത്ത് സ്മാരകം നിര്‍മ്മിക്കാന്‍ എസ്എഫ്‌ഐ അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്മാരകം പണിയുന്നത് സംഘടന അല്ലെന്നും വിദ്യാര്‍ഥി കൂട്ടായ്മയാണെന്നുമാണ് എസ്എഫ്‌ഐ വിശദീകരണം.