Connect with us

Ongoing News

മെല്ലെപ്പോക്ക്; ധോണിയെ ന്യായീകരിച്ച് കോലിയും രോഹിതും

Published

|

Last Updated

എഡ്ജ്ബാസ്റ്റണ്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തില്‍ ജയിക്കാമായിരുന്നിട്ടും ഇന്ത്യ തോറ്റതിന് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ പഴി നേരിടുന്ന എം എസ് ധോണിയെ ന്യായീകരിച്ച് നായകന്‍ വിരാട് കോലിയും ഉപ നായകന്‍ രോഹിത് ശര്‍മയും. വേഗത കുറഞ്ഞ പിച്ചിന്റെ ആനുകൂല്യം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് നന്നായി മുതലെടുക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് ഇരുവരും വ്യക്തമാക്കി.

“അവസാന ഓവറുകളില്‍ മഹിയും കേദാര്‍ ജാദവും ബൗണ്ടറികള്‍ക്ക് ശ്രമിച്ചെങ്കിലും പിച്ചിന്റെ വേഗതക്കുറവ് മൂലം വിഫലമായി. സാഹചര്യത്തെ നന്നായി ഉപയോഗപ്പെടുത്തിയ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കാണ് അതിന്റെ ക്രെഡിറ്റ്. വ്യത്യസ്ത രീതികളില്‍ പന്തെറിഞ്ഞ് അവര്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 330-340 റണ്‍സ് പിന്തുടരുമ്പോള്‍ 30-40 പന്തുകളില്‍ 70 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന, ബെന്‍ സ്‌റ്റോക്‌സിനെ പോലൊരാള്‍ ടീമില്‍ വേണം. ഹാര്‍ദിക് പാണ്ഡ്യ നന്നായി ബാറ്റ് ചെയ്‌തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ബെന്‍ സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സാണ് മത്സരത്തില്‍ നിര്‍ണായകമായത്. അദ്ദേഹത്തിന്റെ ബാറ്റിംഗ് കളിയെ മാറ്റിമറിച്ചു. അതുവരെ ഇംഗ്ലണ്ടിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ വിജയിച്ചിരുന്നു “- 102 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായ രോഹിത് പറഞ്ഞു.

അവസരത്തിനൊത്ത് കളിക്കാനറിയുന്ന പരിചയ സമ്പന്നനായ താരമാണ് ധോണിയെന്ന് വിരാട് കോലി പറഞ്ഞു. ബൗണ്ടറികള്‍ക്കായി എം എസ് കിണഞ്ഞു ശ്രമിച്ചുവെന്നതാണ് സത്യം. എന്നാല്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ നല്ല രീതിയില്‍ പന്തെറിഞ്ഞതോടെ അതെല്ലാം വൃഥാവിലായി.

അവസാന അഞ്ച് ഓവറുകളില്‍ 71 റണ്‍സാണ് ധോണിയും കേദാറും ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ വന്‍ ഹിറ്റുകള്‍ക്ക് ശ്രമിക്കാതെ പന്ത് വെറുതെ തട്ടിയിട്ട് സിംഗിളുകള്‍ മാത്രം എടുത്തതോടെ ഇരുവര്‍ക്കും കൂട്ടിച്ചേര്‍ക്കാനായത് 39 റണ്‍സ് മാത്രമാണ്.
42 പന്തുകളില്‍ 31 റണ്‍സാണ് ധോണിക്ക് നേടാനായത്.

ധോണിയുടെ മെല്ലെപ്പോക്ക് കഴിഞ്ഞ മത്സരങ്ങളിലും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ 52 പന്തില്‍ 28ഉം വെസ്റ്റിന്‍ഡീസിനെതിരെ 61ല്‍ 56ഉമാണ് ധോണി സ്‌കോര്‍ ചെയ്തത്.