Connect with us

Sports

എന്നിട്ടുമെന്തേ ധോണി റിവ്യൂ വേണ്ടന്ന് പറഞ്ഞത്?

Published

|

Last Updated

ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡി ആർ എസ്) പ്രയോജനപ്പെടുത്തുന്നതിൽ എന്നും വിജയിച്ചിട്ടുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പർ എം എസ് ധോണി പക്ഷേ, ഇന്നലെ പഴികേട്ടു. ഇംഗ്ലണ്ടിനെതിരെ നിർണായക ഘട്ടത്തിൽ ധോണിയുടെ തെറ്റായ തീരുമാനത്തിന് വലിയ വിലയാണ് ഇന്ത്യ നൽകേണ്ടി വന്നത്.

ഇന്നലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ 11ാം ഓവറിലാണ് ധോണിക്ക് പിഴച്ചത്. ഹർദിക് പാണ്ഡ്യയുടെ പന്ത് ജേസണ്‍ റോയിയുടെ ബാറ്റിലുരസി ധോണിയുടെ കൈകളിൽ എത്തുകയായിരുന്നു. പാണ്ഡ്യ വിക്കറ്റിന് വേണ്ടി ശക്തമായി അപ്പീല്‍ ചെയ്തെങ്കിലും ധോണി അതിന് കൂട്ടാക്കിയില്ല എന്ന് മാത്രമല്ല, ഡി ആർ എസിന് വിടണോ എന്ന കോലിയുടെ ചോദ്യത്തിന് വേണ്ടെന്ന് മറുപടി നൽകുകയും ചെയ്തു. ഇന്ത്യ ഡി ആർ എസ് വേണ്ടെന്ന് അറിയിച്ചതോടെ അമ്പയര്‍ ആ പന്ത് വൈഡ‍് വിളിച്ചു.

പക്ഷേ, ആ പന്തിൽ റോയി ഔട്ട് തന്നെയായിരുന്നുവെന്നാണ് പിന്നീടുള്ള ടിവി റീപ്ലേകളില്‍ വ്യക്തമായത്. റോയിയുടെ ബാറ്റില്‍ പന്ത് തട്ടിയെന്ന് റിപ്ലേകളിൽ വ്യക്തമാകുന്നുണ്ട്. കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇംഗ്ലണ്ടിന് വേണ്ടി 32 റൺസെടുത്തു നിൽക്കുകയായിരുന്നു താരം. 70 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ ടോട്ടല്‍. പിന്നീട് 23ാം ഓവറില്‍ പുറത്താകുന്പോൾ റോയിയുടെ സന്പാദ്യം 66. ഇംഗ്ലണ്ടിന്റെ ടോട്ടല്‍ 160 റണ്‍സിലെത്തിക്കുകയും ചെയ്തിരുന്നു. രണ്ട് സിക്സും ഏഴ് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു റോയിയുടെ ഇന്നിംഗ്സ്.

Latest