വിഭജനത്തിന് ശേഷം പാക്കിസ്ഥാന്‍ ആദ്യമായി ഇന്ത്യയെ പിന്തുണച്ചു-അക്തര്‍

Posted on: July 1, 2019 12:54 pm | Last updated: July 1, 2019 at 4:42 pm

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ തോറ്റതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കുള്ള നിരാശ പങ്കുവെച്ച് മുന്‍താരം ശുഐബ് അക്തര്‍. വിഭജനത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു നിറഞ്ഞ പിന്തുണ ഇന്ത്യക്ക് നല്‍കിയതെന്ന് അക്തര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യക്ക് വിജയിക്കാനായില്ല. ഇന്നലെ ഏത് താരം ഇന്ത്യന്‍ ഭാഗത്ത് നിന്ന് മികച്ച പ്രകടനം നടത്തിയാലും അദ്ദേഹം ഞങ്ങളുടെ ഹീറോയായിരുന്നെന്നും ശുഐബ് പറഞ്ഞു.

ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളെ മാത്രം ബാധിക്കുന്ന വിഷയമായിരുന്നില്ല ഇന്നലത്തെ മത്സരം. പാക്കിസ്ഥാന്‍ അടക്കമുള്ള മറ്റ് ടീമുകളുടെ ലോകപ്പിലെ മുന്നോട്ടുള്ള സാധ്യതകൂടി തീരുമാനിക്കുന്നതായിരുന്നു. ഇംഗ്ലണ്ടിന്റെ വലിയ സ്‌കോറിന് മറുപടി ബാറ്റിംഗിനറങ്ങിയ ഇന്ത്യക്ക് ജയിക്കാനുള്ള അവസരമുണ്ടായിരുന്നു. അഞ്ച് വിക്കറ്റുകള്‍ ബാക്കിയിരിക്കെ ഇന്ത്യക്ക് നല്ല അവസരമുണ്ടായിരുന്നു. ഇന്ത്യ ലക്ഷ്യം കാണുമെന്ന് ഞാന്‍ കരുതി. എന്നാല്‍ അതുണ്ടായില്ല. വളരെ പതുക്കെയാണ് ഈ അവസരത്തില്‍ ഇന്ത്യ കളിച്ചതെന്ന് ഞാന്‍ കരുതുന്നു. എന്തായാലും പാക്കിസ്ഥാനികള്‍ എന്ന നിലയില്‍ ഞങ്ങളുടെ ആഗ്രഹം നടന്നില്ല- ശുഐബ് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.

മധ്യനിര ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്ക നല്‍കുന്നതാണ്. സ്‌കോര്‍ ചെയ്യാനാകാതെ നധ്യനിര നിരാശപ്പെടുത്തുകയാണ്. ഇത് വരും മത്സരങ്ങളിലും ഇന്ത്യക്ക് തിരിച്ചടിയായേക്കാം. ഇതിനാല്‍ മധ്യനിരയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നുവെന്നും അക്തര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യയുടെ മധ്യനിര ബാറ്റിംഗിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ധോണിയും കേദാര്‍ ജാഥവും ഇഴഞ്ഞു നീങ്ങുകയായിരുന്നെന്നും റണ്‍സെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ പുറത്താകുന്നതായിരുന്നു നല്ലതെന്നും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വിമര്‍ശിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. മത്സരത്തെ രാഷ്ട്രീയമായും കൂട്ടിക്കെട്ടി വിമര്‍ശനം നടക്കുന്നുണ്ട്.