ബിനോയിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്; ജാമ്യ ഹരജി തള്ളിയാല്‍ ഉടന്‍ അറസ്റ്റെന്ന് പോലീസ്‌

Posted on: July 1, 2019 9:19 am | Last updated: July 1, 2019 at 11:59 am

മുംബൈ: വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായ ബീഹാറി സ്വദേശനിയുടെ പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില് ബിനോയിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ യുവതി നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

യുവതി പീഡന പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 20നാണ് ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോര്‍ട്ടില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി അയച്ച വക്കീല്‍ നോട്ടീസും വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പോലീസില്‍ നല്‍കിയ പരാതിയും കാണിച്ച് ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗം വാദിച്ചത്.

എന്നാല്‍ യുവതിക്കും കുഞ്ഞിനും ദുബായ് സന്ദര്‍ശിക്കാന്‍ ബിനോയ് സ്വന്തം ഈമെയിലില്‍ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകന്‍ ഇന്ന് യുവതിക്കായി വാദങ്ങള്‍ എഴുതി നല്‍കും. കൂടുതല്‍ തെളിവുകളും ഹാജരാക്കുമെന്നാണ് അറിയുന്നത്.