Connect with us

Cover Story

ജീവനാണ്‌

Published

|

Last Updated

കടൽകണക്കെസമരക്കാർ കൈയടക്കിയ ഹോങ്കോംഗിലെ പ്രധാന വീഥി. ഇരുപത് ലക്ഷത്തോളം പേരാണ് ആ രാത്രി തെരുവിൽ നിറഞ്ഞുനിൽക്കുന്നത്. സമരക്കാരുടെ ഏറ്റവും പിന്നിലെ നിരയിൽ, അടിപ്പാത അവസാനിക്കുന്നിടത്ത് ഒരു ആംബുലൻസ് പ്രത്യക്ഷപ്പെടുന്നു. ഒരിക്കലും കണ്ണിമുറിയില്ലെന്ന ദൃഢപ്രതിജ്ഞയിൽ പ്രക്ഷോഭത്തിലേർപ്പെട്ടവർ പെട്ടെന്ന് രണ്ട് ഭാഗമായി പിരിയുന്നു. ചാവുകടൽ പിളർത്തിയ വേദഗ്രന്ഥങ്ങളിലെ സംഭവത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് സമരസാഗരം വഴിമാറിയത്. കാൽനടയാത്രക്കാർക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യത്തിലാണിത്. ഇരുൾമുറ്റിയ തെരുവാണ് കാരുണ്യത്തിന്റെ പ്രകാശം പരത്തി മാതൃകയായത്. ഈ സംഭവം കഴിഞ്ഞിട്ട് രണ്ടാഴ്ചയാകുന്നതേയുള്ളൂ. ഇതറിഞ്ഞ ലോകമെമ്പാടുമുള്ള ജനങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രക്ഷോഭകാരികളെ പ്രകീർത്തിച്ചു.
***

ലൈസൻസും ബാഡ്ജും
പിന്നെ ധൈര്യവും

ഹോങ്കോംഗിൽ മാത്രമല്ല കേരളത്തിലും ആംബുലൻസിന് വേണ്ടി ജനവും നാടും ഒരുവേള സ്തംഭിക്കുന്നതും എന്തിന്റെ പേരിൽ ജനക്കൂട്ടം റോഡ് കീഴടക്കിയിട്ടുണ്ടെങ്കിലും വഴിമാറുന്നതും നിത്യസംഭവമാണ്. പലപ്പോഴും ആംബുലൻസിന് താരപരിവേഷവും ലഭിക്കാറുണ്ട്. ഇതെല്ലാം ആംബുലൻസിന്റെ പ്രാധാന്യത്തെ കുറിച്ച് വിരൽ ചൂണ്ടുന്നുവെങ്കിലും ചില ഗുരുതര പോരായ്മകൾ ഈ മേഖലയിലുണ്ടെന്നത് ഡ്രൈവർമാരടക്കം സമ്മതിക്കുന്നു. ഏതാനും ദിവസം മുമ്പ് പാലക്കാട് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവറടക്കം ആ വാഹനത്തിലെ എട്ട് പേർ മരിച്ചത് പോരായ്മകളെ കുറിച്ചുള്ള ചിന്തയിലേക്ക് വാതിൽ തുറക്കുന്നതാണ്. ഡ്രൈവറാകാൻ പ്രത്യേക മാനദണ്ഡമൊന്നുമില്ലെന്നതാണ് സ്ഥിതി. എൽ എം വി ലൈസൻസും ബാഡ്ജും പിന്നെ ധൈര്യവും മതി ആംബുലൻസ് നിരത്തിലിറക്കാനുള്ള “യോഗ്യത”. എന്നാൽ, ആംബുലൻസ് ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ടെന്നാണ് അഗ്നി ശമന സേനാ ഉദ്യോഗസ്ഥനായ അരുൺ ഭാസ്‌കറിന്റെ അഭിപ്രായം.
ആംബുലൻസിനെ മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ബീക്കൺ ലൈറ്റും സൈറണും ആണ്. ഈ ലൈറ്റുകളും സൈറണും ഒക്കെ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ഡ്രൈവർ അറിഞ്ഞിരിക്കണം. സൈറണുകൾ പല വിധത്തിലുണ്ട്. എമർജൻസി അനുസരിച്ച് അവ എങ്ങനെയാണ് മാറ്റിയിടേണ്ടതെന്ന് അറിയണം. അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ വളരെ വേഗതയിൽ പോകേണ്ടതുണ്ട്. അങ്ങനെ പോകുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം തെറ്റാതെ നോക്കാനുള്ള കഴിവ് സ്വായത്തമാക്കണം. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോൾ മിക്കവാറും ഒരു നഴ്‌സ് ഉണ്ടാകുമെങ്കിലും ഡ്രൈവറും രോഗിയുടെ അവസ്ഥ മനസ്സിലാക്കിയിരിക്കണം.

ഇന്ന് നാം വാർത്താമാധ്യമങ്ങളിൽ കേൾക്കുന്ന സംഭവങ്ങളാണ്, കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് രോഗിയുമായി നിശ്ചിത സമയത്ത് ആംബുലൻസിൽ എത്തിച്ചേരുന്നത്. ഇത്തരം ഉദ്യമങ്ങൾ വരുമ്പോൾ ആംബുലൻസ് ഡ്രൈവേഴ്‌സ് അസോസിയേഷൻ തങ്ങളുടെ അംഗങ്ങളിൽ ഈ മിഷൻ ഏറ്റെടുക്കുന്നതിന് പ്രാപ്തരായ ആളുകളെ ഉടനടി തിരഞ്ഞെടുക്കും. ഇങ്ങനെ തിരഞ്ഞെടുത്ത ഡ്രൈവർ ആ ആംബുലൻസിന്റെ സാരഥിയാകും. മുന്നിലും പിന്നിലുമായി പൈലറ്റ് വാഹനങ്ങൾ ഉണ്ടായിരിക്കും. അതോടൊപ്പം ആംബുലൻസ് കടന്നുപോകുന്ന വഴിയിലെ ട്രാഫിക് ശരിയാക്കി വഴിയൊരുക്കാനും പോലീസുകാർക്കൊപ്പം ആംബുലൻസ് ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രവർത്തകരുണ്ടാകും. ആറ് മാസത്തിലൊരിക്കൽ അസോസിയേഷനും മോട്ടോർ വാഹന വകുപ്പും ചേർന്ന് ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക ക്ലാസുകൾ കൊടുക്കാറുണ്ട്. അസോസിയേഷനിൽ ഇല്ലാത്ത ആംബുലൻസ് ഡ്രൈവർമാരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്.

ഊണും ഉറക്കവുമില്ലെങ്കിൽ

ഈയിടെ പാലക്കാട് തണ്ണിശ്ശേരിയിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം വിശകലനം ചെയ്യാം. ഊൺ കഴിക്കാനൊരുങ്ങുമ്പോഴാണ് ഡ്രൈവർക്ക് വിളി വന്നതും രോഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞതും. അപകടത്തിന് ശേഷം പരിശോധനയിൽ വാഹനത്തിന് യാതൊരു വിധ അപാകവും കണ്ടെത്താനായില്ല. ഡ്രൈവറുടെ മനസ്സിന് വന്ന പാളിച്ച മാത്രമാണ് അപകടത്തിന് ആക്കം കൂട്ടിയതെന്ന് മോട്ടോർവാഹന വകുപ്പ് നടത്തിയ പരിശോധനാ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ആംബുലൻസ് ഡ്രൈവറുടെ ജീവിതം എപ്പോഴും തിരക്കിട്ടതായിരിക്കും. അത് ഉൾക്കൊണ്ട് മാത്രം ഈ ജോലി തിരഞ്ഞെടുക്കുന്നവർക്കേ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കൂ. പലപ്പോഴും വിശ്രമിക്കുമ്പോഴും ആഹാരം കഴിച്ചു തുടങ്ങുമ്പോഴുമായിരിക്കും വിളി വരുന്നത്. ഉടനടി ഇവർ ജോലിക്ക് സജ്ജമാകേണ്ടതുണ്ട്. രക്തത്തിൽ കുളിച്ചു കിടക്കുന്ന ആളുകളെയും മറ്റു രോഗികളെയും ഒന്നും നോക്കാതെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുന്ന ഡ്രൈവർമാർക്ക് പകർച്ചവ്യാധികൾ എളുപ്പത്തിൽ പിടിപെടാനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് പ്രതിരോധ വാക്‌സിനുകൾ എടുത്തിരിക്കണം. മേൽപ്പറഞ്ഞ സംഭവങ്ങളൊക്കെ ഒരു ആംബുലൻസ് ഡ്രൈവർ അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ നിങ്ങൾ പൂർണമായും ഈ ജോലിക്ക് അർഹരാകുകയുള്ളൂവെന്നാണ് അരുൺ ഭാസ്‌കറിന്റെ വാദം. പക്ഷേ ഇതൊന്നും ഭൂരിഭാഗം ആംബുലൻസ് ഡ്രൈവർമാർക്കില്ലെന്നതാണ് അപകടത്തിനിടയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അങ്ങനെയാകരുത്

നേരത്തേ ഓട്ടോയോ ട്രക്കോ ഓടിച്ചയാളായിരിക്കും ഡ്രൈവർമാർ. ആംബുലൻസിന്റെ സാങ്കേതികവശങ്ങളെ കുറിച്ച് വലിയ ധാരണയുണ്ടാകില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ഗുരുതരാവസ്ഥയിലായ രോഗിയെ കൊണ്ടുപോകാൻ വന്ന ആംബുലൻസ് ഡ്രൈവറെ ബന്ധുക്കൾ ചോദ്യം ചെയ്തതോടെ അയാൾ വാഹനവുമായി രക്ഷപ്പെട്ട സംഭവം ഇതിന് തെളിവാണ്. ആംബുലൻസ് ഇന്ന് ഓട്ടോ- ടാക്‌സി പോലെ തന്നെ ആശുപത്രി പരിസരത്ത് തമ്പടിച്ച് നിൽക്കുകയാണ്. ജീവൻ രക്ഷിക്കുന്നതിനേക്കാൾ പലരും മുൻതൂക്കം നൽകുന്നത് ഓട്ടത്തിനാണ്. ഓരോരുത്തരും അന്നത്തെ ജീവിതമാർഗത്തിനായി നെട്ടോട്ടമോടുമ്പാൾ കടമ മറക്കുന്ന കാഴ്ചയും വിരളമല്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ തന്നെ സമ്മതിക്കുന്നുണ്ട്.
യഥാർഥത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ടത് അഗ്നിശമന സേനാ വിഭാഗത്തിന്റെ കടമയാണെന്നാണ് നിയമം. അപകടവും മറ്റും സംഭവിച്ചാൽ അഗ്നിശമനസേനയുടെ ആംബുലൻസ് എത്തണമെന്നാണ് വ്യവസ്ഥ. 101ൽ വിളിച്ചാൽ പ്രത്യേക സംവിധാനവും പരിശീലനം ലഭിച്ച ഡ്രൈവറടങ്ങുന്ന ആംബുലൻസ് അപകടസ്ഥലത്തെത്തി രോഗിയെ ആശുപത്രിയിലെത്തിക്കണം. എന്നാൽ ജനങ്ങൾ അഗ്നിശമന സേനയെ വിളിക്കുന്നത് തീയണക്കാനും കിണറ്റിലും മരത്തിലുമൊക്കെ കുടുങ്ങിയവരെ രക്ഷിക്കാനും മാത്രമാണെന്ന് സേനയിലുള്ളവർ പറയുന്നു. ഇതുപോലെ പോലീസ് ആംബുലൻസുണ്ടെങ്കിലും സ്ഥിതി തഥൈവ! അപകടങ്ങൾ വർധിച്ചപ്പോൾ പോലീസ്, ഫയർ ഫോഴ്‌സ് ആംബുലൻസുകൾ മതിയാകാതെ വന്നു. അതുകൊണ്ട് തന്നെ സ്വകാര്യ ആംബുലൻസ് സേവനം അനിവാര്യവും അമൂല്യവുമാണ്.

രക്ഷകനാകേണ്ട ആംബുലൻസ് ശിക്ഷകനാകുമ്പോഴാണ് നമുക്ക് ഇത്തരം ദുരന്തം ആവർത്തിക്കേണ്ടിയും കേൾക്കേണ്ടിയും വരുന്നത്. അപകടങ്ങൾ പൂർണമായും ഒഴിവാക്കാനാകില്ലെങ്കിലും കുറച്ചൊക്കെ നാം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കുറയും. ഇതിന് നന്മയുടെ മനസ്സ് കൂടി ഡ്രൈവർക്ക് ഉണ്ടാകണം. ഇത്തരം ഡ്രൈവർമാരെ മാത്രം തിരഞ്ഞെടുത്താലേ ആംബുലൻസ് രക്ഷകനായി മാറൂവെന്നാണ് പൊതുവെ അഭിപ്രായം.

***

ആംബുലൻസുമായി ബന്ധപ്പെട്ട് വിദേശത്ത് നടന്ന മറ്റൊരു സംഭവം പറഞ്ഞ് അവസാനിപ്പിക്കാം. രണ്ട് വർഷം മുമ്പ് ഇറ്റലി ദ്വീപായ സിസിലിയിൽ 42കാരനായ ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. ശ്മശാനങ്ങളിൽ നിന്നുള്ള കമ്മീഷന് വേണ്ടി രോഗികളെ കൊന്നതിനാണ് ഡ്രൈവർ ഡേവിഡ് ഗാരൊഫാലിൻ അറസ്റ്റിലായത്. മാറാരോഗികളെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ഞരമ്പുകളിൽ സിറിഞ്ച് വായു നിറച്ച് കുത്തിവെച്ച് കൊലപ്പെടുത്തുന്നതാണ് ഇയാളുടെ പതിവത്രെ. ഇങ്ങനെ കൊലപ്പെടുത്തുന്നവരെ സ്വകാര്യ ശ്മശാനത്തിലെത്തിക്കുമ്പോൾ കമ്മീഷനായി ഡേവിഡിന് 300 യൂറോ ലഭിച്ചിരുന്നു.

എം കെ സുരേഷ് കുമാർ
• sureshsiraj00@gmail.com