Connect with us

Eranakulam

തപാൽ വകുപ്പിൽ അപ്രഖ്യാപിത നിയമന നിരോധം

Published

|

Last Updated

കൊച്ചി: വാഗ്ദാനം ചെയ്ത തൊഴിൽ സൃഷ്ടിച്ചില്ലെന്ന ആരോപണം കേന്ദ്രസർക്കാറിനെതിരെ തുടരുമ്പോഴും തപാൽ വകുപ്പിൽ സ്ഥിരനിയമനം നടത്താത്തത് എഴുപതിനായിരത്തോളം ഒഴിവുകളിൽ. വർഷങ്ങളായിട്ടും ഒഴിച്ചിട്ടിരിക്കുന്ന തസ്തികകളിലുൾപ്പെടെ 69,332 ഒഴിവുകളുണ്ടായിട്ടും രാജ്യത്തെ 25 തപാൽ സർക്കിളുകളിലും അപ്രഖ്യാപിത നിയമന നിരോധം തുടരുകയാണ്. ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭാഗമായി നേരത്തേ തസ്തിക വെട്ടിക്കുറക്കലുണ്ടായെങ്കിലും ഏറ്റവും അത്യാവശ്യമായി നിയമനം വേണ്ട തസ്തികകളാണ് ഇപ്പോഴും ഒഴിച്ചിട്ടിരിക്കുന്നത്.

ആറ് തസ്തികകളിലായി 2,35,017 ജീവനക്കാർ വേണ്ടിടത്ത് വർഷങ്ങളായി നിലവിൽ 1,65,685 ജീവനക്കാർ മാത്രമേയുള്ളൂ.പോസ്റ്റ്മാൻ, മെയിൽ ഗാർഡ് വിഭാഗത്തിലാണ് ഏറ്റവുമധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 20,948 ഒഴിവുകളാണ് നിലവിലുള്ളത്. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്-11,860, പോസ്റ്റൽ സ്റ്റോറിംഗ് അസിസ്റ്റന്റ്-16,713, ഗ്രേഡ് ഹയർ സെലക്‌ഷൻ ഗ്രേഡ് വൺ ആൻഡ് ടു-17,485, പോസ്റ്റ് മാസ്റ്റർ ഗ്രേഡ് വൺ, ടു, ത്രീ-1,512, ഇൻസ്‌പെക്ടർ, അസി.സൂപ്രണ്ടന്റ്-804, എന്നിങ്ങനെയാണ് നിലവിലുള്ള ഒഴിവുകൾ. ഇതിൽ 1,902 ഒഴിവുകൾ കേരളത്തിൽ മാത്രമുണ്ട്. നിലവിൽ ആറ് തസ്തികകളിലായി 11,345 ജീവനക്കാരാണ് വേണ്ടത്.
സാധാരണ ഗതിയിൽ കേരളത്തിലുൾപ്പെടെ തപാൽ മേഖലയിലുള്ള ജീവനക്കാർക്ക് അമിത ജോലി ഭാരമുള്ള സാഹചര്യം നിലനിൽക്കുമ്പോഴും ഒഴിവുകൾ നികത്താത്തത് ഈ മേഖലയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ബാങ്കിംഗ് മേഖലയിൽ വിപ്ലവം ലക്ഷ്യമിട്ടുള്ള പദ്ധതികളടക്കം തപാൽ വകുപ്പ് തുടങ്ങിയതിനാൽ നിലവിലുള്ളതിനേക്കാൾ ഇരട്ടി ജോലിയാണ് ജീവനക്കാർക്കുള്ളത്. കംപ്യൂട്ടറൈസ്ഡ് തപാൽ ഓഫീസുകളിൽ മുഴുവൻ എ ടി എം സൗകര്യം ഏർപ്പാടാക്കാൻ വകുപ്പ് തീരുമാനിച്ചതോടെ ദൈനംദിന സാമ്പത്തിക ഇടപാടുകൾക്ക് തപാൽ വകുപ്പിനെ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതിലാണ് വർധിച്ചത്. ഓൺലൈൻ വ്യാപാരം കൂടിയതും പണി ഇരട്ടിപ്പിച്ചു.

ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനത്തോളം വർധനയുണ്ടായതായാണ് അനൗദ്യോഗിക കണക്കുകൾ. ഇ കൊമേഴ്‌സ് രംഗത്തടക്കം ചുവടുറപ്പിച്ചു തുടങ്ങിയത് വകുപ്പിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും ആവശ്യമായ തസ്തികകളിൽ ആളില്ലാത്തത് തപാൽ മേഖലയുടെ പ്രവർത്തനത്തെ കനത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest