Connect with us

Editorial

മൃതദേഹത്തെ ചികിത്സിച്ച് തട്ടിപ്പ്

Published

|

Last Updated

രോഗികളെയും ബന്ധുക്കളെയും സാമ്പത്തികമായി ചൂഷണം ചെയ്യാൻ സ്വകാര്യ ആശുപത്രികളിൽ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. ഇതിലൊന്നാണ് മൃതദേഹത്തെ ചികിത്സിച്ചു പണം തട്ടുന്ന പ്രവണത. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് മസ്തിഷ്‌ക മരണം സംഭവിച്ചാൽ അക്കാര്യം ബന്ധുക്കളെ അറിയിക്കാതെ പിന്നെയും ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടത്തി സാമ്പത്തിക ചൂഷണം നടത്തുന്നു ചില ആശുപത്രികൾ. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന് ധാരാളം പരാതികൾ ലഭിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിക്കുകയുണ്ടായി. മസ്തിഷ്‌ക മരണം നിർണയിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചാലുടൻ ബന്ധുക്കളെ അറിയിക്കണമെന്ന് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ഇതടിസ്ഥാനത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യം പരിശോധിച്ചുവര ികയാണെന്നു മന്ത്രി അറിയിച്ചു.

തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലക്കുന്നതിനെയാണ് മസ്തിഷ്‌ക മരണമെന്നു പറയുന്നത്. ശ്വസനം, ശരീരതാപ നില, ഹൃദയ മിടിപ്പ് തുടങ്ങി ഒരു വ്യക്തി ജീവനോടെയിരിക്കാൻ ആവശ്യമായതെല്ലാം നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണ്. അതിന്റെ പ്രവർത്തനം പൂർണതോതിൽ നിലച്ച ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കാത്തതിനാൽ അത് ആ വ്യക്തിയുടെ മരണമായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്. എങ്കിലും വെന്റിലേറ്റർ തുടങ്ങി ആശുപത്രി ഉപകരണങ്ങളുടെ സഹായത്തോടെ ഏതാനും നാളത്തേക്ക് ശരീരത്തിലെ ചലനങ്ങൾ നിലനിർത്താൻ സാധിക്കും. ഇത്തരം ഘട്ടങ്ങളിൽ രോഗി സാങ്കേതികമായി മരിച്ചതായും വൈദ്യശാസ്ത്രത്തിന് രോഗിയുടെ ജീവൻ തിരിച്ചെടുക്കാൻ കഴിയില്ലെന്നും ബന്ധുക്കളെ അറിയിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരാണ്. എന്നാൽ പല സ്വകാര്യ ആശുപത്രികളിലും ഇക്കാര്യം ബന്ധുക്കളെ അറിയിക്കാതെ രോഗിയെ വെന്റിലേറ്ററിൽ കിടത്തി ഇപ്പോഴും ജിവനോടെയിരിക്കുന്നുവെന്ന മട്ടിൽ ചികിത്സ തുടരുകയും പരമാവധി പണം പിഴിഞ്ഞെടുക്കുകയും ചെയ്യുന്നു.

കൊച്ചിയിലെ ചില സ്വകാര്യ ആശുപത്രികളിൽ മരണം സംഭവിച്ചു മണിക്കൂറുകൾക്ക് ശേഷവും മൃതദേഹത്തെ ചികിത്സിച്ചു പണം തട്ടുന്നതായി എറണാകുളം ഗവ. മെഡിക്കൽ കോളജിലെ അസോസിയേറ്റ് ഫോറൻസിക് സർജനും പോലീസ് സർജനുമായ ഡോ. ഹിതേഷ് ശങ്കർ ഈയിടെ ചൂണ്ടിക്കാണിച്ചിരുന്നു. ആത്മഹത്യ ചെയ്തവരെ ആശുപത്രിയിലെത്തിക്കുന്ന ബന്ധുക്കളോട് മരണ വിവരം മറച്ചുവെച്ചു വെന്റിലേറ്ററിൽ കൂടുതൽ സമയം കിടത്തിയും ഇവർ ബന്ധുക്കളെ ചൂഷണം ചെയ്യുന്നു. വെന്റിലേറ്റർ നീക്കം ചെയ്തു മരണം നടന്നതായി രേഖപ്പെടുത്തിയ സമയത്തിന് ദിവസങ്ങൾക്കു മുമ്പേ തന്നെ മരണം നടന്നതായി, പോസ്റ്റ്‌മോർട്ടത്തിനെത്തിയ ചില മൃതദേഹങ്ങൾ പരിശോധിച്ചപ്പോൾ ബോധ്യമായതായും അദ്ദേഹം വെളിപ്പെടുത്തി. മരിച്ച ശേഷം ആശുപത്രിയിലെത്തിച്ചയാളുടെ ഹൃദയസ്പന്ദനം വീണ്ടെടുക്കാനായി നെഞ്ചിൽ മർദമേൽപ്പിക്കുമ്പോൾ വലതുവശത്തെ വാരിയെല്ല് ഒടിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. മർദം ഏൽപ്പിക്കേണ്ടത് ഇടതുഭാഗത്താണ് എന്ന പ്രാഥമിക ജ്ഞാനം പോലുമില്ലാത്തവരും സ്വകാര്യ ആശുപത്രി ഡോക്ടർമാരായുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നു ഡോ. ഹിതേഷ് ശങ്കർ പറയുന്നു.

തീവ്ര പരിചരണ വിഭാഗമെന്നാണ് ആശുപത്രികളിലെ ഐ സി യുകൾ അറിയപ്പെടുന്നത്. ഇവിടെ ഡോക്ടർമാരുടെ പ്രത്യേക ശ്രദ്ധയും ഏത് നേരവും നഴ്‌സുമാരുടെ പരിചണവും ഉണ്ടാകുമെന്നാണ് സങ്കൽപ്പം. എന്നാൽ ഐ സിയുവിലും രോഗികൾ ആവശ്യമായ ചികിത്സ കിട്ടാതെ നരകിച്ച സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. കാസർക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ഹൃദായാഘാതത്തെത്തുടർന്നു കഠിനവേദന അനുഭവിക്കുന്ന ഒരു രോഗിക്ക് ഡോക്ടറുടെയും നഴ്‌സിന്റെയും മൊബൈൽ അഡിക്ഷൻ മൂലം ചികിത്സ കിട്ടാൻ വൈകിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രോഗിയെ ബെഡിൽ കിടത്തിയ ശേഷം കൂടെയുള്ളവരെ മുറിയുടെ പുറത്തേക്ക് പറഞ്ഞയച്ച ഡോക്ടറും നഴ്‌സും വാട്‌സ്ആപ്പിലും മറ്റുമായി ഏറെ നേരം സമയം ചെലവഴിച്ച ശേഷമാണ് രോഗിയെ പരിശോധിക്കാനെത്തിയത്. അന്നേരം രോഗി വേദന കൊണ്ട് പുളയുകയായിരുന്നെങ്കിലും അവരുടെ ശ്രദ്ധ പൂർണമായും മൊബൈലിലായിരുന്നുവെന്നു അടുത്തു കിടക്കുന്ന രോഗിയുടെ ബന്ധുവാണ് സാമൂഹിക മാധ്യമങ്ങൾ വഴി പുറം ലോകത്തെ അറിയിച്ചത്. രോഗിയെ ഡോക്ടറുടെ കൈയിൽ എൽപ്പിച്ചു പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബന്ധുക്കളുടെ ആകുലതകൾ പല ആതുര സേവകരും മനസ്സിലാക്കുകയോ വിലകൽപ്പിക്കുകയോ ചെയ്യുന്നില്ല. അതേസമയം രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ, അല്ലെങ്കിൽ ചികിത്സ ഫലിക്കാതെ മരിച്ച് മൃതദേഹം തിരിച്ചേൽപ്പിക്കുമ്പോൾ കഴുത്തറപ്പൻ സംഖ്യ ഈടാക്കുന്നതിൽ ആശുപത്രി അധികൃതർ ബദ്ധശ്രദ്ധരാണ്. ബിൽ സംഖ്യയിൽ അൽപ്പം കുറവു വന്നാൽ മൃതദേഹം വിട്ടുകൊടുക്കാതെ ബന്ധുക്കളെ വട്ടംകറക്കുകയും ചെയ്യും.

കഠിനരോഗ ബാധിതനായി മരണത്തെ നേരിൽ കാണുന്ന അവസ്ഥയിലെത്തിയ ഒരു രോഗിയെ ബന്ധുക്കളിൽ നിന്നും സ്വന്തക്കാരിൽ നിന്നുമെല്ലാം അകറ്റി ഐ സിയുവിൽ പ്രവേശിപ്പിച്ചും വെന്റിലേറ്ററിൽ കിടത്തിയും മാനസികമായി പീഡിപ്പിക്കുകയല്ല, സ്വന്തക്കാരുടെ സാന്നിധ്യത്തിൽ സമാധാനപരമായി മരിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. രക്ഷപ്പെടുകയില്ലെന്നുറപ്പുള്ള ഒരു രോഗിയെ പിന്നെയും ആശുപത്രിയിൽ കിടത്തി ബന്ധുക്കളെ പിഴിയുന്നത് മനുഷ്യത്വപരമല്ല. ഇത്തരം രോഗികളെ വീട്ടിൽ കൊണ്ടു പോയി പരിചരിക്കാൻ ബന്ധുക്കളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. മൃതദേഹങ്ങൾ വെച്ചു വില പേശുന്ന ആശുപത്രികളുടെ കണ്ണിൽ ചോരയില്ലാത്ത നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.