ഒടുവില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി മുഖ്യമന്ത്രിമാരെ കാണുന്നു; യോഗം തിങ്കളാഴ്ച

Posted on: June 30, 2019 12:31 pm | Last updated: June 30, 2019 at 3:49 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച രാവിലെ രാഹുലിന്റെ വസതിയിലാണ് യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും കര്‍ണാടക ഉപ മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം ഇതാദ്യമായാണ് രാഹുല്‍ മുഖ്യമന്ത്രിമാരെ കാണുന്നത്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് യു പിയിലെ കാന്‍പൂരില്‍ ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തിയിരുന്നു. പദവിയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്നതിനാണ് സമരമെന്ന് കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

അതിനിടെ, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നേരിട്ട കനത്ത തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുള്ള രാജിയില്‍ പുനരാലോചനയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസില്‍ രാജിയുടെ ഒഴുക്കുണ്ടായി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി 145ഓളം പാര്‍ട്ടി ഭാരവാഹികളാണ് വെള്ളിയാഴ്ച കൂട്ടരാജി നല്‍കിയത്.

2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി മെയ് 25ന് നടന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി (സി ഡബ്ല്യു സി) യോഗത്തിലാണ് സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. എന്നാല്‍, രാജി സി ഡബ്ല്യു സി ഐകകണ്ഠ്യേന തള്ളിക്കളയുകയായിരുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ നിരവധി ഉയര്‍ന്ന നേതാക്കള്‍ രാഹുലിനെ സമീപിക്കുകയും ചെയ്തിരുന്നു. രാഹുലിനെ പിന്തിരിപ്പിക്കുന്നതിന് മുതിര്‍ന്ന നേതാക്കളുള്‍പ്പടെ സജീവ ശ്രമം നടത്തിയെങ്കിലും നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയാറായില്ല.