ഇംഗ്ലണ്ടിനോട് ഇന്ത്യ ജയിക്കണേ; പ്രാര്‍ഥനയുമായി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക

Posted on: June 30, 2019 11:28 am | Last updated: June 30, 2019 at 3:32 pm

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ ജയിക്കണേ….പ്രാര്‍ഥന ഇന്ത്യന്‍ ആരാധകരുടെത് മാത്രമല്ല. അയല്‍ രാഷ്ട്രങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ ക്രിക്കറ്റ് പ്രേമികളുടെതു കൂടിയാണ്. ഈ ടീമുകള്‍ക്ക് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യയുടെ ജയം അനിവാര്യമാണെന്നതു തന്നെ കാരണം. അതേസമയം, ഇന്നു ജയിച്ചില്ലെങ്കില്‍ ഇംഗ്ലണ്ട് പ്രതിസന്ധിയിലാകും. അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ജയിച്ചാല്‍ മാത്രമെ അവര്‍ക്ക് സെമി പ്രതീക്ഷകളുള്ളൂ. മറ്റു ടീമുകളുടെ ജയപരാജയങ്ങളെയും ആശ്രയിക്കേണ്ടി വരും.

ഇന്ത്യക്ക് ഇനി മൂന്നു മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇംഗ്ലണ്ടിനെതിരായതു കഴിഞ്ഞാല്‍ ഏറ്റുമുട്ടാനുള്ളത് ശ്രീലങ്കയോടും ബംഗ്ലാദേശിനോടുമാണ്. ഈ മൂന്നു മത്സരത്തില്‍ ഏതെങ്കിലുമൊന്നില്‍ നിന്ന് സമനിലയിലൂടെ നേടുന്ന ഒരു പോയിന്റ് മാത്രം മതിയാകും ഇന്ത്യക്ക് സെമി പ്രവേശം ഉറപ്പിക്കാന്‍.

ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാതെ സെമിയിലെത്തും. ഇംഗ്ലണ്ട് ത്രിശങ്കുവിലാകുമ്പോള്‍ പാക്കിസ്ഥാനു മുമ്പില്‍ അത് സെമിയിലേക്കുള്ള കവാടങ്ങള്‍ പാതി തുറന്നിടും. ജൂലൈ അഞ്ചിന് നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് സെമിയിലേക്കു മാര്‍ച്ച് ചെയ്യാം. ബംഗ്ലാദേശ് സെമി കാണണമെങ്കില്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും തോല്‍പ്പിക്കണം.

ഇതിനെക്കാളൊക്കെ പരിതാപകരമാണ് ശ്രീലങ്കയുടെ അവസ്ഥ. വെസ്റ്റ് ഇന്‍ഡീസിനും ഇന്ത്യക്കുമെതിരായ മത്സരങ്ങള്‍ ജയിച്ചാലും അവര്‍ക്ക് സെമി
യിലെത്താനാകുമെന്ന് ഉറപ്പില്ല. അതിന് ഈ മത്സരങ്ങള്‍ ജയിക്കുന്നതിനു പുറമെ, പാക്കിസ്ഥാന്‍ ബംഗ്ലാദേശിനോടും ബംഗ്ലാദേശ് ഇന്ത്യയോടും ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനോടും തോല്‍ക്കുകയും വേണം. ഇന്നത്തെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ തന്നെ ശ്രീലങ്കയുടെ കഥ കഴിയുമെന്ന രൂപത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.

എന്നാല്‍, ഇന്ത്യയോടു തോറ്റാലും ഇംഗ്ലണ്ടിനു മുമ്പില്‍ സെമിയുടെ വാതിലുകള്‍ പൂര്‍ണമായി അടയില്ല. പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ഓരോ മത്സരത്തില്‍ തോല്‍ക്കുകയാണ് അതിനു വേണ്ടത്. തങ്ങളുടെ അവസാന പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ മറികടക്കുകയും വേണം. ഇന്ത്യക്കെതിരായ മത്സരത്തില്‍ തോറ്റാലും ബംഗ്ലാദേശിന് ചെറിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടും ശ്രീലങ്കയും അടുത്ത മത്സരത്തില്‍ തോല്‍ക്കുകയും ബംഗ്ലാദേശിന് പാക്കിസ്ഥാനെ മികച്ച റണ്‍റേറ്റില്‍ തോല്‍പ്പിക്കാനുമാകണം.