ത്രില്ലിംഗ് പോരാട്ടം: പാക്കിസ്ഥാനെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി

Posted on: June 29, 2019 10:47 pm | Last updated: July 1, 2019 at 4:42 pm

ലീഡ്‌സ്: അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ കരുത്തരായ പാക്കിസ്ഥാനെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി. 228 എന്ന ചെറുവിജയ ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറിലെ നാലാം പന്തിലാണ് ലക്ഷ്യംകണ്ടത്. നിരവധി പ്രമുഖര്‍ അണിനിരക്കുന്ന പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്റെ ചെറുസ്‌കോര്‍ എളുപ്പം മറികടക്കുമെന്നണ് കരുതിയത്. എന്നാല്‍ കൃത്യതയും അച്ചടക്കവും പാലിച്ച് ആവേശത്തോടെ പന്ത് എറിഞ്ഞ അഫ്ഗാന്‍ ബൗളര്‍മാര്‍ മുന്‍ലോക ചാമ്പ്യന്‍മാരെ വരിഞ്ഞ് മുറുക്കുകയായിരുന്നു.

വാലറ്റത്തെകൂട്ട്പിടിച്ച് ഇമാദ് വസീം നടത്തിയ പ്രകടനമാണ് പാക്കിസ്ഥാനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 54 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 49 റണ്‍സെടുത്ത് വസീമാണ് മാന്‍ ഓഫ് ദ മാച്ച്.

പാക്കിസ്ഥാന്‍ അനായാസം വിജയത്തിലേക്ക് പോകുമെന്ന തോന്നിച്ച മത്സരത്തില്‍ മധ്യഓവറുകളാണ് കളിയില്‍ നിര്‍ണായകമായത്. മധ്യഓവറുകള്‍ തുടരെ വിക്കറ്റ് വീണത് സ്‌കോറിംഗ് വേഗത കുറച്ചു. 35 ഓവര്‍ പിന്നിട്ട ശേഷം മുഹമ്മദ് നബിയും റാശിദ് ഖാനും ചേര്‍ന്ന് നടത്തിയ ബൗളിംഗ് അറ്റാക്കിന് മുന്നില് സ്‌കോര്‍ നേടാന്‍ പാക് ബാറ്റ്‌സ്മാന്‍മാര്‍ ഏറെ പ്രയാസപ്പെട്ടു. 39 റണ്‍സെടുത്ത ഇമാമുല്‍ ഹഖ്, 45 റണ്‍സെടുത്ത ബാബര്‍ അസം 27 റണ്‍സെടുത്ത ഹാരിസ് സുഹൈല്‍ എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മുഹമ്മദ് നബിയും മുജീബ് റഹ്മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പാക്ക് പേസിന് മുമ്പില്‍ വലിയ കൂട്ടുകെട്ടുകള്‍ തീര്‍ക്കാന്‍ കഴിയാത്തതാണ് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് തിരിച്ചടിയായത്. ഒരു അര്‍ധ ശതകം പോലും അഫ്ഗാന്‍ ഇന്നിംഗ്‌സിലുണ്ടായില്ല. 42 റണ്‍സ് വീതമെടുത്ത അസ്ഗര്‍ അഫ്ഖാനും നജീബുല്ല സ്ദറനുമാണ് അഫ്ഗാന്റെ വലിയ സ്‌കോറര്‍മാര്‍. ഷഹിന്‍ അഫ്രീദി പാക്കിസ്ഥാനായി നാല് വിക്കറ്റ് വീഴ്ത്തി.