തുല്യ ശക്തികള്‍ ഇന്ന് കൊമ്പുകോര്‍ക്കും

Posted on: June 29, 2019 3:27 pm | Last updated: July 1, 2019 at 4:42 pm

ടൂര്‍ണമെന്റില്‍ ഒരു തോല്‍വി മാത്രം വഴങ്ങിയ ആസ്‌ത്രേലിയയും ന്യൂസിലാന്‍ഡും ഇന്ന് നേര്‍ക്ക് നേര്‍. കിരീടം നേടാന്‍ സാധ്യതയുള്ള കളിയാണ് രണ്ട് ടീമുകളും പുറത്തെടുക്കുന്നത്. അതു കൊണ്ടു തന്നെ ഇന്നത്തെ കളി തുല്യ ശക്തികളുടേതാണെന്ന് നിസംശയം പറയാം. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ തോല്‍പ്പിച്ചതിന്റെ കണക്കും കിവീസിന് തീര്‍ക്കാനുണ്ട്.

അതേസമയം ഓസീസ് ബാറ്റിംഗ് നിര ആഴമേറിയതാണ്. ഓപ്പണിംഗ് നിരയടക്കം തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത് ബാറ്റിംഗ് മിടുക്ക് കൊണ്ട് കൂടിയാണ്. ന്യൂസിലന്‍ഡിന്റെ ബാറ്റിംഗ് ഇതുവരെ വലിയ രീതിയില്‍ വെല്ലുവിളിക്കപ്പെട്ടിട്ടില്ല.
ആദ്യമായി പാക്കിസ്ഥാനെതിരെയാണ് ഒന്ന് വിയര്‍ത്തത്. അതില്‍ ടീം പരാജയപ്പെടുകയും ചെയ്തു.

ആസ്‌ത്രേലിയയുടെ ഓപ്പണിംഗ് നിര ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതാണ്.
ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് കൂട്ടുകെട്ടില്‍ നിന്ന് വലിയ ഇന്നിംഗ്‌സുകള്‍ ഗ്യാരണ്ടിയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വാര്‍ണറും ഫിഞ്ചും തിളങ്ങിയിരുന്നു. 100 റണ്‍സ് കൂട്ടുകെട്ടും ഇവര്‍ ഉണ്ടാക്കിയിരുന്നു. ഇരുതാരങ്ങളും ടോപ് സ്‌കോറര്‍ പട്ടികയില്‍ ഉണ്ട്. ന്യൂസിലന്റ് ബാറ്റിംഗ് കിവീസിന്റെ ബാറ്റിംഗ് നിര മികച്ചതാണെങ്കിലും ഓപ്പണിംഗ് ക്ലിക്കായിട്ടില്ല.

മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ സഖ്യം ഇതുവരെ വലിയ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ അസാധ്യ ഫോമിലാണ്. നീഷാം, സാന്റ്‌നര്‍, കോളിന്‍ ഗ്രാന്‍ഡോം എന്നിവരുടെ ഫോമും ബാറ്റിംഗ് നിരയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. തീപ്പാറും ബൗളിംഗ് രണ്ട് ടീമിലും ഗംഭീര ബൗളര്‍മാരാണ് ഉള്ളത്. ഓസ്‌ട്രേലിയന്‍ നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക് മികച്ച ഫോമിലാണ്.

ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റെടുത്ത് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു സ്റ്റാര്‍ക്, ജേസന്‍ ബെഹറന്‍ഡോര്‍ഫും ഫോം കണ്ടെത്തിയിട്ടുണ്ട്.
കിവീസ് നിരയില്‍ ട്രെന്‍ഡ് ബൂള്‍ട്ട് തുടക്കത്തില്‍ വിക്കറ്റെടുക്കാന്‍ മിടുക്കനാണ്.
മാറ്റ് ഹെന്റിയുടെ അതിവേഗ പന്തുകളും ഓസീസിനെ വിറപ്പിക്കും.