വനിതാ ലോകകപ്പ്: ബെക്കാം കളിച്ചു! ഇംഗ്ലണ്ട് സെമിയില്‍

Posted on: June 29, 2019 5:46 am | Last updated: June 29, 2019 at 12:54 pm

ലെ ഹാവ്‌റെ: ലൂസി ബ്രോണ്‍സെയുടെ കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍ ഉള്‍പ്പടെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട് വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍.

യു എസ് എ- ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ജേതാക്കള്‍ ഇംഗ്ലണ്ടുമായി സെമി കളിക്കും.
ഇംഗ്ലണ്ട് ടീമിന്റെ പരിശീലകന്‍ മുന്‍ ഇംഗ്ലണ്ട് പുരുഷ ടീമംഗമായ ഫില്‍ നെവിലാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും ദേശീയ ടീമിലും ഒപ്പം കളിച്ച നെവിലിന്റെ ടീമിനെ പിന്തുണക്കാന്‍ ഡേവിഡ് ബെക്കാമും മകള്‍ ഹാര്‍പറും എത്തിയിരുന്നു. ഈ വിജയത്തില്‍ ബെക്കാമിന്റെ സാന്നിധ്യത്തിന് വലിയ പങ്കുണ്ടെന്നാണ് നെവില്‍ മത്സരശേഷം പറഞ്ഞത്. കളിക്ക് തൊട്ടു മുമ്പ് ഡ്രസിംഗ് റൂമില്‍ വനിതാ താരങ്ങളെ സന്ദര്‍ശിച്ച് ബെക്കാം ആത്മവിശ്വാസമേകുന്ന രീതിയില്‍ സംസാരിച്ചത് വലിയ ഘടകമായി. ഓരോ ഗോളടിക്കുമ്പോഴും ഗാലറിയില്‍ ബെക്കാമും മകള്‍ ഹാര്‍പറും ആവേശം കൊണ്ടു.

ബ്രിട്ടന്റെ റോവിംഗ് ഇതിഹാസം കാതെറിന്‍ ഗ്രെയ്ഗ്നര്‍ നല്‍കിയ വീഡിയോ സന്ദേശവും മുന്‍ ഇംഗ്ലണ്ട്, ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഇയാന്‍ റൈറ്റ് പ്രോത്സാഹന തമാശകളും ഇംഗ്ലണ്ട് വനിതാ ടീമിന് പ്രചോദനമായി.
ലൂസി ബ്രോണ്‍സ് നേടിയ ലോംഗ് റേഞ്ച് ഗോള്‍ ഇംഗ്ലണ്ട് ടീമിന്റെ ആത്മവിശ്വാസത്തിന്റെ അളവുകോലായിരുന്നു.