Connect with us

Kerala

കസ്റ്റഡി മര്‍ദനം സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്‌; മര്‍ദനം കൈക്കൂലി നല്‍കാത്തതിനാലെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാര്‍ കസ്റ്റഡി മര്‍ദ്ദനത്തിനിരയായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ സ്ഥിരീകരണം. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്നും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സ്റ്റേഷന്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. കേസില്‍ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് തുടങ്ങും.
ഇതിനിടെ, സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയെന്നും വിവരം ലഭിക്കുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നോ നാളെയോ ഡോക്ടര്‍മാരുടെ മൊഴി എടുക്കും. അതേ സമയം കൈക്കൂലി ലഭിക്കാത്തതിനാലാണ് കുമാറിനെ മര്‍ദിച്ചതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. 20 ലക്ഷം രൂപ കൈക്കൂലിയായി എസ്‌ഐ ആവശ്യപ്പെട്ടുവെന്ന് ചിട്ടി നിക്ഷേപകനായ അരുണ്‍ മുല്ലശ്ശേരി ആരോപിച്ചു. ഭാര്യയുടെ മുന്നിലിട്ടും കുമാറിനെ മര്‍ദിച്ചുവെന്നും അരുണ്‍ പറഞ്ഞു.
ന 18, 19 തിയ്യതികളിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. 19 ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രാജ്കുമാറിനെ ഒപി ഇല്ലാത്തതിനാല്‍ പരിശോധിപ്പിക്കാതെ പൊലീസുകാര്‍ തിരിച്ച് കൊണ്ടുപോയി എന്നാണ് ലഭിക്കുന്ന വിവരം. ജൂണ്‍ 19 ന് രാജ്കുമാറിന്റെ പേര് മെഡിക്കല്‍ കോളേജിലെ ഒരു രജിസ്റ്ററിലുമില്ല. പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന് മരിച്ച രാജ്കുമാര്‍ പറഞ്ഞതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.