Connect with us

Pathanamthitta

സുസ്ഥിര വികസന പദ്ധതികളുമായി കുടുംബശ്രീ രംഗത്ത്

Published

|

Last Updated

മൂഴിയാർ ഡാമിന് സമീപം താമസിക്കുന്ന വിധവകളായ രാജമ്മയും തുളസിയും കുട്ടികൾക്കൊപ്പം

വനപ്രദേശങ്ങളിൽ കഴിയുന്ന മലമ്പണ്ടാര ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് പദ്ധതിയുമായി ഇതിനോടകം കുടുംബശ്രീയും രംഗത്തെത്തിയിട്ടുണ്ട്. ദേശീയ ഗ്രാമീണ ഉപജീവന മിഷനുമായി (എൻ ആർ എൽ എം) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ റാന്നി, പെരുനാട്, സീതത്തോട്, തണ്ണിത്തോട്, അരുവാപുലം എന്നീ പഞ്ചായത്തുകളിലാണ് മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി ഉള്ളത്.

സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ വനത്തിനുള്ളിൽ തന്നെ അലഞ്ഞുനടക്കുന്ന ഇവരെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പിനായി കുടുംബശ്രീക്ക് ദേശീയ ഗ്രാമീണ ഉപജീവന മിഷൻ 24 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് മലപ്പണ്ടാര വിഭാഗത്തിന്റെ സുസ്ഥിര വികസനം കൂടിയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിനായി മലമ്പണ്ടാര വിഭാഗങ്ങളെ കണ്ടെത്തി സമഗ്ര വിവര ശേഖരണവും കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിക്കഴിഞ്ഞു. എന്നാൽ കുടുംബശ്രീ സർവേയിൽ പറയുന്നത് 154 കുടുംബങ്ങളാണ് മലമ്പണ്ടാര വിഭാഗത്തിൽ ജില്ലയിൽ കഴിയുന്നതെന്നാണ്. ഇതിൽ നിന്ന് 65 കുടുംബങ്ങളെ വിവരശേഖരണത്തിന്റെ ഭാഗമായി കണ്ടെത്തി. ഈ കുടുംബങ്ങളിലെ 330 പേരിൽ 115 പുരുഷൻമാരും, 120 സ്ത്രീകളും, 95 കുട്ടികളും ഉൾപ്പെടുന്നുണ്ട്.

ഓരോരുത്തരുടേയും പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, തൊഴിലധിഷ്ഠിത പരിശീലനം, നിലവിലെ തൊഴിൽ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരാണോ, വിവാഹിതരാണോ, പെൻഷൻ ലഭിക്കുന്നവരുണ്ടോ, ആധാർ കാർഡ്, ഇലക്‌ഷൻ കാർഡ് ഇവയുണ്ടോ, രോഗങ്ങൾ, ഇവരുടെ ഉപജീവനമാർഗം, നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കുടുംബശ്രീ സമഗ്ര സർവേ നടത്തിയത്. ഇതിൽ സ്വീകരിക്കേണ്ട കാര്യങ്ങൾക്കായുള്ള നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സമഗ്ര വിവരശേഖരണം അടിസ്ഥാനമാക്കി ഒരു സോഫ്റ്റ്‌വെയറും കുടുംബശ്രീ തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യപരിചരണം, വിനോദയാത്ര, പ്രശ്‌നങ്ങൾ മനസ്സിലാക്കാനുള്ള അദാലത്തുകൾ, ഭക്ഷണ വിതരണം, തുടർപ്രവർത്തനങ്ങൾ, വിലയിരുത്തലുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. മലമ്പണ്ടാര വിഭാഗത്തിനായുള്ള പുനരധിവാസവും പദ്ധതിയിൽ ഉൾപ്പെടുത്താൻ കുടുംബശ്രീ ആലോചിക്കുന്നുണ്ട്. എന്നാൽ മലമ്പണ്ടാര കുടുംബങ്ങളെ കുറിച്ച് ട്രൈബൽ വകുപ്പ് പുറത്തുവിടുന്ന 230 കുടുംബങ്ങൾ എന്ന കണക്ക് കുടുംബശ്രീ സർവേയിൽ 154 ആയി കുറഞ്ഞത് ദുരുദ്ദേശപരമാണെന്ന് ആദിവാസി ക്ഷേമ പദ്ധതികളുമായി സഹകരിക്കുന്ന സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

വെള്ളിത്തിരയിലെ അദ്ഭുതങ്ങൾ
അവർ ഒരുമിച്ചിരുന്ന് കണ്ടു

വനപ്രദേശങ്ങളിൽ കഴിയുന്ന മലമ്പണ്ടാര ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനുമായി ദേശീയ ഗ്രാമീണ ഉപജീവന മിഷനുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഊരിലൊരു സിനിമയും ഇവർക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

മൂഴിയാർ കെ എസ് ഇ ബി റിക്രിയേഷൻ ക്ലബ്ബിൽ വെച്ചാണ് സിനിമാ പ്രദർശനം നടത്തിയത്. ശൂന്യാകാശ യാത്ര, വിമാന യാത്ര, കടലിനടിയിലെ യാത്ര എന്നിങ്ങനെ വ്യത്യസ്തമായ മൂന്ന് വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പ്രദർശനം. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ മലമ്പണ്ടാരങ്ങൾക്കായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വരെ വിമാനയാത്രയും സംഘടിപ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
വിമാനയാത്രയുടെ പൂർണചെലവ് കുടുംബശ്രീ ജില്ലാ മിഷൻ ആണ് വഹിക്കുന്നത്.

(തുടരും)