പൊന്നാനി ആസ്ഥാനമായി പുതിയ ജില്ല വേണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Posted on: June 28, 2019 6:50 am | Last updated: June 28, 2019 at 12:59 pm
പൊന്നാനി ആസ്ഥനമായി പുതിയ ജില്ല അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ജനകീയ കൂട്ടായ്മയുടെ നിവേദനം ചെയർമാൻ കെ എം മുഹമ്മദ് കാസിം കോയയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

തിരുവനന്തപുരം: പൊന്നാനി ആസ്ഥാനമായി പുതിയ ജില്ല അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ജനകീയ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ നിളയോരങ്ങളും തീരപ്രദേശങ്ങളും ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ആവശ്യം.
ചരിത്രാതീതകാലം മുതൽ ഭരണസിരാകേന്ദ്രവും തുറമുഖ പട്ടണവുമായിരുന്ന പൊന്നാനി വിവിധ മത, സംസ്‌കാരങ്ങളുടെ സംഗമകേന്ദ്രം കൂടിയാണ്.

വിവിധ ആവശ്യങ്ങൾക്കായി നിലവിലെ ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്ക് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവിടെയുള്ളവർ എത്തുന്നത്.
പുരാതന നഗരത്തിന്റെ വികസന സാധ്യതക്കും ജില്ലാ രൂപവത്കരണം വഴിയൊരുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ത്രിതല പഞ്ചായത്തുകളുടെ ശാക്തീകരണം തുടങ്ങിയവ സാധ്യമാകുന്നതിനൊപ്പം തീരദേശത്തെ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാനും പുതിയ ജില്ല രൂപവത്കരണത്തിലൂടെ കഴിയും.

ജനസംഖ്യാനുപാതികമായി സമഗ്രവികസനം സാധ്യമാക്കാൻ വഴിയൊരുക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മലപ്പുറം ജില്ലയിൽ നിന്നുള്ള മന്ത്രി ഡോ. കെ ടി ജലീലിനും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം കൈമാറി.

പൊന്നാനി താലൂക്ക് ജനകീയ കൂട്ടായ്മ ചെയർമാനും കേരള ഹജ്ജ് കമ്മറ്റി അംഗവുമായ കെ എം മുഹമ്മദ് കാസിം കോയ, ജനറൽ കൺവീനറും മദ്‌റസാ ക്ഷേമനിധി ബോർഡ് അംഗവുമായ സിദ്ദീഖ് മൗലവി ഐലക്കാട്, പൊന്നാനി നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ ഒ ശംസു എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. പി ഷാഹുൽഹമീദ്, കെ എം ഇബ്രാഹിംഹാജി, കെ ഫസലുറഹ്‌മാൻ ഹാജി, സി എം ഹനീഫ മൗലവി, ഫൈസൽ പൊന്നാനി എന്നിവരും സന്നിഹിതരായിരുന്നു.