നെടുങ്കണ്ടം കസ്റ്റഡി മരണം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം;കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

Posted on: June 28, 2019 11:15 am | Last updated: June 28, 2019 at 7:07 pm

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കര്‍ശനനടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും സംരക്ഷിക്കുന്ന നടപടിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.ആരെയും രക്ഷിക്കാന്‍  സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്കുമാറിന് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോ ര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസുകാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാനാവില്ല. കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതിന് പകരം സസ്‌പെന്‍ഷനില്‍ നടപടി ഒതുക്കുകയാണ് ആഭ്യന്തര വകുപ്പ് എന്നും ചെന്നിത്തല ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം എസ്‌ഐ അടക്കം എട്ട് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും സിഐ ഉള്‍പ്പടെ ഒമ്പത് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ് കുമാര്‍ പീരുമേട് സബ്ജയിലില്‍ മരിച്ചത്. രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയാണെങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മര്‍ദ്ദനത്തിലുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.