നെടുങ്കണ്ടം കസ്റ്റഡി മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Posted on: June 27, 2019 6:11 pm | Last updated: June 27, 2019 at 7:16 pm

ഇടുക്കി: പീരുമേട് സബ്ജയിലില്‍ മരിച്ച രാജ്കുമാറിന്റെ മരണകാരണം ആന്തരിക മുറിവുകള്‍ മൂലമുണ്ടായ ന്യൂമോണിയയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. മര്‍ദനത്തില്‍ രാജ്കുമാറിന്റെ വാരിയെല്ലുകള്‍ ഒടുഞ്ഞുവെന്നും ഇരുകാലുകളിലും സാരമായ മുറിവുകളുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്.

ആശുപത്രിയില്‍ എത്തിച്ചത് സ്ട്രക്ച്ചറിലാണെന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതിക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും കാലില്‍ നീരുണ്ടായിരുന്നുവെന്നും പ്രതിയെ ആദ്യം ചികില്‍സയ്ക്ക് എത്തിച്ച നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഓടി കുഴിയില്‍ വീണാണ് പ്രതിക്ക് പരിക്കേറ്റതെന്നായിരുന്നു പോലീസ് ഡോക്ടര്‍മാര്‍മാര്‍മാരോട് പറഞ്ഞത്.

ഇടുക്കി തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ കഴിഞ്ഞ 21നാണ് പീരുമേട് സബ്ജയിലില്‍ മരിച്ചത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. പ്രതി രാജ്കുമാറിന് നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും സ്ട്രക്ച്ചറിലാണ് പോലീസ് കൊണ്ടുവന്നതെന്നുമാണ് ആദ്യം ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. പ്രതിയുടെ അരയ്ക്ക് താഴെ മുറിവ് ഉണ്ടായിരുന്നില്ലെന്നും കാലുകളില്‍ നീര് ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പ്രതി ഭയപ്പെട്ടിരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സംഭവത്തില്‍ നെടുങ്കണ്ടം എസ് ഐ ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒന്‍പത് പേരെ സ്ഥലം മാറ്റുകയും ചെയ്തു.