അധിക ബിരുദ സീറ്റ്; കാലിക്കറ്റിൽ നാലാം അലോട്ട്‌മെന്റിന് തീരുമാനം

Posted on: June 27, 2019 3:53 pm | Last updated: June 27, 2019 at 3:53 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ സംസ്ഥാന സർക്കാർ തീരുമാനപ്രകാരം അനുവദിച്ച അധിക സീറ്റുകളിലേക്ക് ബിരുദ പ്രവേശനം നടത്താൻ നാലാമതും അലോട്ട്‌മെന്റിന് തീരുമാനം. മൂന്നാം അലോട്ട്‌മെന്റിന് ശേഷവും ഒഴിവുള്ള സീറ്റുകളിലേക്കും നാലാമത് അലോട്ട്‌മെന്റിലൂടെ വിദ്യാർഥികൾക്ക് പ്രവേശനാവസരം ലഭിക്കും. ജൂലൈ മൂന്നിനാണ് നാലാം അലോട്ട്‌മെന്റ. വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബശീറിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് അംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം.

ഈ മാസം 24, 25 തീയതികളിൽ ഓപ്ഷനുകൾ എഡിറ്റ് ചെയ്തവർ, റീ ഓപ്ഷൻ നൽകിയവർ തുടങ്ങിയവരെ കൂടി ഈ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തും. അതിനാൽ നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇന്ന് റാങ്ക് ലിസ്റ്റ് നൽകുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. അലോട്ട്‌മെന്റിന് ശേഷം വിദ്യാർഥികൾക്ക് ജൂലൈ മൂന്ന് മുതൽ അഞ്ച് വരെ അഡ്മിഷൻ എടുക്കാം. ഓരോ കോളജിലെയും ഓരോ കോഴ്‌സിലും ഹയർ ഓപ്ഷൻ നിലനിർത്തി അഡ്മിഷൻ എടുത്തവർ അതിലേക്ക് പരിഗണിക്കപ്പെടാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ അത്തരത്തിലുള്ള ഓപ്ഷനുകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ഇതിനായി വിദ്യാർഥികൾക്ക് അവരവരുടെ ലോഗിനിൽ നിന്ന് “ഹയർ ഓപ്ഷൻ ക്യാൻസൽ’ എന്ന ലിങ്ക് ഉപയോഗിക്കാം. മുഴുവൻ ഓപ്ഷനുകളും ഒഴിവാക്കുന്നതിന് നോഡൽ സെന്ററുകൾ വഴി മാത്രമേ സാധിക്കൂ.

ഹയർ ഓപ്ഷനുകൾ നിലനിർത്തുകയാണെങ്കിൽ തുടർന്നുവരുന്ന അലോട്ട്‌മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചാൽ മുമ്പ് അലോട്ട്‌മെന്റിൽ ലഭിച്ച സീറ്റ് നഷ്ടമാകും. നാലാം അലോട്ട്‌മെന്റിന് മുന്നോടിയായി ജൂൺ 27 മുതൽ വിദ്യാർഥികൾക്ക് വീണ്ടും റീ ഓപ്ഷൻ നൽകുന്നതിന് അവസരമുണ്ടാകും.