Connect with us

Kerala

മലയാളം സര്‍വകലാശാല സ്ഥലമേറ്റെടുപ്പില്‍ ക്രമക്കേടെന്ന് പ്രതിപക്ഷം; സഭയില്‍നിന്ന് ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം: മലയാളം സര്‍വകലാശാലയുടെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച  അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി മമ്മൂട്ടിയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. വിഷയം അടിയന്തരപ്രമേയമായി അനുവദിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കര്‍ വിശദീകരിച്ചു. ഇതില്‍ തൃപ്തരാകാത്ത പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയും തുടര്‍ന്ന് സഭ വിട്ടിറങ്ങുകയുമായിരുന്നു.

2016ലാണ് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. രണ്ട് ദിവസം മുമ്പ് ചോദ്യോത്തരവേളയിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥനയിലും വിഷയത്തില്‍ വിശദമായി ചര്‍ച്ച നടക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്തതാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഭൂമി ഏറ്റെടുക്കലില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സ്ഥലമെടുപ്പില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍വകലാശാലയുടെ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളുടെ അന്തിമഘട്ടം ജൂണ്‍ മാസത്തിലാണ് നടന്നതെന്നതിനാല്‍ വിഷയത്തിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. വിഷയം അടിയന്തരപ്രധാന്യമല്ലാത്തതാണെന്ന സ്പീക്കറുടെ നിലപാട് പുന:പരിശോധിക്കണമെന്നും സ്പീക്കര്‍ ഈ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം സ്പീക്കര്‍ കവര്‍ന്നെടുക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.