Connect with us

Ongoing News

ചിറകൊടിഞ്ഞ് കിവികൾ; സെമി സാധ്യത നിലനിർത്തി പാക്കിസ്ഥാൻ

Published

|

Last Updated

ബിര്‍മിംഗ്ഹാം: തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലാൻഡിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് പാക്കിസ്ഥാൻ ലോകകപ്പ് സെമിഫൈനൽ സാധ്യത നിലനിർത്തി. വലിയ ബാറ്റിംഗ് തകർച്ച നേരിട്ട കിവികൾക്ക് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുക്കാനേ സാധിച്ചിരുന്നുള്ളൂ. ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് ഒരു ഘട്ടത്തിലും വെല്ലുവിളിയുണ്ടായില്ല. 25 ഓവറിനുള്ളിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും സെഞ്ച്വറി നേടി ബാബർ അസമാണ് (101*) പാക് വിജയശിൽപ്പി. ഹാരിസ് സുഹൈൽ (68) വിജയത്തോടടുത്തപ്പോൾ റണ്ണൗട്ടായി. പകരമെത്തിയ നായകൻ സർഫറാസ് അഹ്്മദാണ് (5) വിജയ റണ്ണെടുത്തത്.

ഒന്പത് റൺസ് മാത്രമെടുത്ത ഫഖർ സമാനാണ് പാക് നിരയിൽ ആദ്യം പുറത്തായത്. 11ാം ഓവറിൽ ടീം സ്കോർ 44ൽ നിൽക്കുന്പോൾ ഇമാമുൽ ഹഖും (19) മടങ്ങി. 25ാം ഓവറിലാണ് മുഹമ്മദ് ഹാഫിസ് (32) പുറത്താകുന്നത്.

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലന്‍ഡ്, ജയിംസ് നീഷ (97*) മിന്റെ മനോഹരമായ ഇന്നിംഗ്സിന്റെ പിൻബലത്തിലാണ് മാന്യമായ സ്കോറിൽ എത്തിച്ചത്. കോളിന്‍ ഡി ഗ്രാന്‍ഹോമും (64) പിടിച്ചുനിന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും ക്യാപ്റ്റന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു കിവീസിന്റെ തുടക്കം. 46 റണ്‍സെടുക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (5), കോളിന്‍ മണ്‍റോ (12), ടോം ലാഥം (1), റോസ് ടെയ്‌ലര്‍ (3) എന്നിവര്‍ മടങ്ങി. 12.3 ഓവറില്‍ നാലിന് 46 എന്ന ദയനീയ നിലയിൽ തകര്‍ച്ചയെ നേരിട്ട ന്യൂസിലാൻഡിനെ ക്യാപ്റ്റൻ കെയിൻ വില്യംസണാണ് പതുക്കെ നിവർന്ന് നിൽക്കാൻ പ്രാപ്തമാക്കിയത്. നീഷാമും കൂടെക്കൂടിയതോടെ സ്കോർ ബോർഡിന് അനക്കം വെച്ചു. ഷദാബിന്റെ പന്തില്‍ സര്‍ഫറാസ് ഖാന് ക്യാച്ച് നല്‍കി വില്യംസണ്‍ മടങ്ങി. പിന്നീട് ഒത്തുച്ചേര്‍ന്ന നീഷാം- ഗ്രാന്‍ഹോം സഖ്യം 132 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കിവീസിനെ രക്ഷിച്ചതും ഈ കൂട്ടുക്കെട്ടാണ്. നീഷാമിനൊപ്പം മിച്ചല്‍ സാൻഡ്നര്‍ (5) പുറത്താകാതെ നിന്നു.

പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി.അഫ്രീദിയെ കൂടാതെ മുഹമ്മദ് ആമിര്‍, ശദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Latest