മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലെത്താനുള്ള സാധ്യത മങ്ങുന്നു

Posted on: June 26, 2019 4:12 pm | Last updated: June 26, 2019 at 9:30 pm

ചെന്നൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലെത്താനുള്ള സാധ്യത കുറയുന്നു. മന്‍ മോഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാന്‍ ഡി എം കെ ഒരുക്കമാണെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ആവശ്യപ്പെടാത്തിനാല്‍ മറ്റ് ഘടകക്ഷികള്‍ക്ക് സീറ്റ് നല്‍കാന്‍ ഡി എം കെ നീക്കം. തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി അടുത്തിട്ടും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്ന് ഔദ്യോഗികമായി ഒരു ആവശ്യവുമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ അംഗസംഖ്യ അനുസരിച്ച് ഒഴിവുവരുന്ന ആറ് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ഡി എം കെക്ക് ജയിച്ച് കയറാന്‍ കഴിയും. ഇതില്‍ ഒരു സീറ്റാണ് ഡി എം കെ മന്‍മോഹന് വാഗ്ദാനം ചെയ്തത്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുത്ത മാസം എട്ടാണ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അനൗദ്യോഗികമായി ആവശ്യപ്പെട്ടാലല്ലാതെ, ഹൈക്കമാന്റ് ഇതുവരെ മന്‍മോഹന്‍ സിംഗിനായി സമീപിച്ചിട്ടില്ല. ഇനിയും കാത്തിരിക്കേണ്ട എന്നാണ് മുതിര്‍ന്ന നേതാക്കള്‍ സ്റ്റാലിന് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും ഡി എം കെ നേതാവ് ടി കെ എസ് ഇളങ്കോവനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡി എം കെക്ക് സാധ്യതയുള്ള മൂന്നില്‍ രണ്ട് സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ ബാക്കി വരുന്ന ഒരു സീറ്റ് മറ്റൊരു സഖ്യകക്ഷിയായ എം ഡി എം കെക്ക് നല്‍കാനാണ് നീക്കം.

പാര്‍ലിമെന്റില്‍ മന്‍മോഹന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ് ഡി എം കെ നേതാവ് സ്റ്റാലിന്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ രാഹുല്‍ഗാന്ധി പോലും പ്രത്യേക താത്പര്യം പ്രകടിപ്പിക്കാത്തതാണ് ഡി എം കെയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ആതിനിടെ കോണ്‍ഗ്രസിനെ ഒപ്പംകൊണ്ട് നടക്കുന്നതില്‍ ഡി എം കെക്കുള്ളില്‍ ഒരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതും ഒരു മാറി ചിന്തിക്കലിലേക്ക് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.