നെടുങ്കണ്ടത്തെ കസ്റ്റഡി മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം;ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കും

Posted on: June 26, 2019 12:00 pm | Last updated: June 26, 2019 at 4:32 pm

തിരുവനന്തപുരം: നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍യ ആരെയും സംരക്ഷിക്കില്ല. ഉത്തരവാദി ആരായാലും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ജയില്‍ സുരക്ഷക്കായി പ്രത്യേക വിഭാഗത്തെ നിയമിക്കും. ഐആര്‍ബി സ്‌കോര്‍പിയോ വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തി. ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കും. ജയില്‍ അന്തരീക്ഷത്തിന് ചേരാത്ത പലതും നടക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെങ്കില്‍ നടപടിയെടുക്കുമെന്നും പറഞ്ഞു. സംസ്ഥാനത്തെ ജയിലുകളില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡുകളില്‍ നിരവധി മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക്‌സ് സാധനങ്ങളും പിടിച്ചെടുത്തിരുന്നു

പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന വാഗമണ്‍ സ്വദേശി കുമാറാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലിരിക്കെ മരിച്ചത്. കസ്റ്റഡിയില്‍ മര്‍ദനമേറ്റാണ് കുമാര്‍ മരിച്ചതെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സംഭവത്തില്‍ സിഐയും വനിതാ പോലീസും ഉള്‍പ്പെടെ അഞ്ച്‌പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കുമാറിന്റെ മൃതദേഹത്തില്‍ 32 മുറിവുകളുണ്ടെന്നാണു കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ആദ്യ സൂചന. വായ്പാതട്ടിപ്പിന്റെ പേരിലാണ് തൂക്കുപാലം ഹരിതാ ഫിനാന്‍സ് ഉടമ വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ കുമാര്‍ അറസ്റ്റിലായത്.