ഭേദഗതി വേണ്ട, യു എ പി എ എടുത്തുകളയണം

Posted on: June 26, 2019 10:04 am | Last updated: June 26, 2019 at 10:04 am

ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) നിയമവും നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമവും (യു എ പി എ) ഇനിയും കർശനമാക്കാനുള്ള കേന്ദ്ര നീക്കത്തെ അതീവ ആശങ്കയോടെയാണ് മതന്യൂനപക്ഷങ്ങളും മനുഷ്യാവകാശ പ്രവർത്തകരും നോക്കിക്കാണുന്നത്. നിലവിലെ നിയമത്തിൻ കീഴിൽ തന്നെ അന്യായമായ തടങ്കൽ ഉൾപ്പെടെ കടുത്ത അനീതിയും മനുഷ്യാവകാശ ലംഘനവുമാണ് ഇത്തരം വിഭാഗങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നിയമം കടുപ്പിച്ചാൽ അവരുടെ ദുരിതം ഇനിയും വർധിക്കാനിടയാക്കും.

ഇന്ത്യക്കാർ ഉൾപ്പെടുന്ന വിദേശത്തെ ഭീകര പ്രവർത്തനങ്ങളിൽ കേസെടുക്കാൻ എൻ ഐ എക്ക് അധികാരവും വ്യക്തിയെ തിരിച്ചറിയാൻ ഡി എൻ എ സാങ്കേതികവിദ്യ ഉപയോഗിക്കാനും ഏതെങ്കിലും വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാനും എൻ ഐ എക്ക് അനുമതി നൽകുന്ന ഭേദഗതികളാണ് കരട് ബില്ലിൽ നിർദേശിക്കപ്പെടുന്നത്. നിലവിൽ സംഘടനകളെയല്ലാതെ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് അധികാരമില്ല. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടുള്ള കേസുകളും സൈബർ കുറ്റകൃത്യങ്ങളും അന്വേഷിക്കാനും ഭീകര പ്രവർത്തനത്തിന് പിന്തുണ നൽകുന്നവരുടെയും മറ്റും ആസ്തികൾ പിടിച്ചെടുക്കുന്നതിനും കണ്ടുകെട്ടുന്നതിനും കരട് ബിൽ പ്രകാരം എൻ ഐ എ ഡയറക്ടർ ജനറലിനു അധികാരമുണ്ടാകും. ആസ്തി പിടിച്ചെടുക്കുന്നതിനു നിലവിൽ സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി വേണ്ടതുണ്ട്.
യു എ പി എ ഭേദഗതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ കരടുബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകുകയുണ്ടായി. രണ്ട് വർഷമായി ബിൽ സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളുമായും സംസ്ഥാന സർക്കാറുകളുമായും ചർച്ചകൾ നടന്നുവരികയായിരുന്നു. ലോക്‌സഭ ജനുവരിയിൽ ബിൽ പാസ്സാക്കുകയും ചെയ്തിരുന്നു. എന്നാൽ രാജ്യസഭയിൽ പരാജയപ്പെട്ടു. ഇരു സഭകളിലും എൻ ഡി എയുടെ അംഗബലം വർധിച്ച സാഹചര്യത്തിൽ ഇത്തവണ ബില്ലിന് അംഗീകാരം നേടാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. അഫ്ഗാനിസ്ഥാനിലെയും മറ്റും ഇന്ത്യൻ കോൺസുലേറ്റുകളിൽ തുടർച്ചയായി ഭീകരാക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിലും രാജ്യത്ത് ഒട്ടേറെപ്പേർ ഇസ്‌ലാമിക് സ്‌റ്റേറ്റിൽ ചേരുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് ഭേദഗതിയെന്നാണ് കേന്ദ്രം പറയുന്നത്.

സർക്കാർ ന്യായം എന്തായാലും അന്വേഷണോദ്യോഗസ്ഥർക്ക് പരിധിവിട്ട അധികാരം നൽകുന്ന ടാഡ, പോട്ട, യു എ പി എ തുടങ്ങി മാറിമാറി വന്ന ഭീകര വിരുദ്ധ നിയമങ്ങളുടെയെല്ലാം ദ്രംഷ്ടകൾക്കിരയാകാറുള്ളത് രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരും മതന്യൂനപക്ഷങ്ങൾ വിശിഷ്യാ മുസ്‌ലിംകളുമാണെന്നതാണ് ചരിത്രം. രാജ്യത്ത് നിരവധി മുസ്‌ലിം ചെറുപ്പക്കാരെ ഈ കരിനിയമങ്ങൾക്ക് കീഴിൽ വർഷങ്ങളോളം അന്യായമായി തടവിലാക്കപ്പെട്ടിട്ടുണ്ട്. ലഷ്‌കറെ ത്വയ്ബ അംഗങ്ങളെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കശ്മീർ ഹൻദ്‌വാര സ്വദേശി ഇംറാൻ കിർമാനി, ഗുലാം റസൂൽ, ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരെന്ന് മുദ്രയടിക്കപ്പെട്ട ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥികളായിരുന്ന സിയാവുർറഹ്മാൻ, മുഹമ്മദ് ഷക്കീൽ, മണിപ്പാൽ സർവകലാശാല വിദ്യാർഥി മുഹമ്മദ് നിസാർ, ഡൽഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയെന്നാരോപിക്കപ്പെട്ട കശ്മീർ സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാർഥി മുഹമ്മദ് റഫീഖ് ഷാ, ഒരു ചാവേർ ആക്രമണത്തിന്റെ ഗൂഢാലോചന ആരോ പിക്കപ്പെട്ട മുഹമ്മദ് അബ്ദുൽകലീം, മുഹമ്മദ് അബ്ദുൽ സഹദ് എന്നിവർ ഇവരിൽ ചുരുക്കം ചിലർ മാത്രം. വർഷങ്ങളോളം തടവിൽ കഴിഞ്ഞ ഇവരെയെല്ലാം കുറ്റക്കാരല്ലെന്നു കണ്ട് കോടതികൾ പിന്നീട് വിട്ടയക്കുകയായിരുന്നു. ഭീകര വിരുദ്ധ നിയമം ചുമത്തപ്പെട്ട കേസുകളിൽ 75 ശതമാനത്തോളം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മുസ്‌ലിം യുവാക്കളോ മനുഷ്യാവകാശ പ്രവർത്തകരോ അല്ലാതെ ഹിന്ദുത്വ തീവ്രവാദികൾ യു എ പി എ നിയമത്തിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്നത് അപൂർവമാണ്. 2004ൽ ഒന്നാം യു പി എ സർക്കാർ യു എ പി എ ഭേദഗതി ചെയ്തപ്പോൾ ഈ നിയമത്തിൻ കീഴിൽ പിടികൂടുന്നവരെ ‘ടെററിസ്റ്റ് ഗ്യാംഗ്(ടി ജി)യെന്നും അല്ലാത്തവരെന്നും രണ്ടാക്കി തരംതിരിച്ചിരുന്നു. ടി ജി വിഭാഗത്തിലായാണ് പ്രതിചേർക്കുന്നതെങ്കിൽ കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്ന് തെളിയുന്നവർ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ. എന്നാൽ യു എ (നിയമ വിരുദ്ധ പ്രവർത്തനം), ടി ഒ (തീവ്രവാദ സംഘടന) എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പെടുത്തുന്നതെങ്കിൽ ആ സംഘടനയുടെ അനുഭാവികളും അംഗങ്ങളും അവരുമായി വിദൂര ബന്ധമുള്ളവർ പോലും കുറ്റവാളികളായി മാറുന്നു. ഭീകര പ്രവർത്തനങ്ങളിൽ പിടികൂടപ്പെടുന്ന മുസ്‌ലിംകളെ രണ്ടാമത്തെ വിഭാഗത്തിലും ഹിന്ദുത്വ ഭീകരരെ ഒന്നാമത്തെ വിഭാഗത്തിലുമാണ് അന്വേഷണോദ്യോഗസ്ഥർ പൊതുവെ ഉൾപ്പെടുത്താറുള്ളത്. രാജ്യത്തെ ഹൈന്ദവ ഭീകര സംഘടനകൾ യു എ പി എയിൽ നിന്ന് രക്ഷപ്പെടുന്നത് ഭരണകൂടത്തിന്റെ ഈ വ്യാഖ്യാന സൗകര്യത്തിന്റെ ബലത്തിലാണ്.

മതന്യൂനപക്ഷങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും ആദിവാസി ക്ഷേമ പ്രവർത്തകർക്കും കടുത്ത ഭീഷണി ഉയർത്തുന്ന യു എ പി എ പോലുള്ള കരിനിയമങ്ങൾ കൂടുതൽ കർക്കശമാക്കുകയല്ല, അതെടുത്തു കളയുകയാണ് വേണ്ടത്. ഭീകരതയെ ചെറുക്കാനെന്ന പേരിൽ കൊണ്ടുവന്ന യു എ പി എയും ടാഡയും പോട്ടയുമെല്ലാം ഭരണകൂട ഭീകരതക്ക് വഴിയൊരുക്കുകയായിരുന്നു രാജ്യത്ത്. ഏതൊരു പൗരനെയും അനന്തമായി ജയിലറകളിലേക്ക് തള്ളിവിടാനും ഏറ്റുമുട്ടൽ നാടകങ്ങളിലൂടെ കൊലപ്പെടുത്താനും അധികാരം നൽകുന്ന നിയമങ്ങൾ ജനാധിപത്യ വ്യവസ്ഥ ഉറപ്പ് നൽകുന്ന പൗരസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നിരക്കുന്നതല്ല.