ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Posted on: June 26, 2019 9:25 am | Last updated: June 26, 2019 at 12:49 pm

മുംബൈ:  ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവാനിരിക്കെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിരിക്കുന്നത്. കോടതിയില്‍നിന്നും ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പോലീസിന്റെ നീക്കമെന്നാണ് സൂചന.

യുവതി നല്‍കിയ കേസില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് വാദിച്ച പ്രതിഭാഗം യുവതിയുടെ പരാതിയിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. അതേ സമയം വിവാഹ വാഗ്ദാനം നടത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നിലവില്‍ അറസ്റ്റിന് കോടതിയുടെ വിലക്കില്ലെങ്കിലും തീരുമാനം വരും വരെ അറസ്റ്റ് നടപടി വേണ്ടെന്നായിരുന്നു പോലീസ് തീരുമാനം. ബിനോയ് എവിടെയെന്ന കാര്യത്തില്‍ ഒരു സൂചനയും ഇനിയും കേസ് അന്വേഷിക്കുന്ന മുംബൈ പോലീസിന് ലഭിച്ചിട്ടില്ല. അതേ സമയം ജാമ്യം ലഭിച്ചാല്‍ ബിനോയ് പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന.