ശബരിമല: എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ ചര്‍ച്ചക്കെടുക്കില്ല

Posted on: June 25, 2019 4:18 pm | Last updated: June 25, 2019 at 7:54 pm

ന്യൂഡല്‍ഹി: ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നും സുപ്രീം കോടതി വിധി വരുന്നതിന് മുമ്പുള്ള അവസ്ഥ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്‍ പാര്‍ലിമെന്റ് ആദ്യഘട്ടത്തില്‍ ചര്‍ച്ച ചെയ്യില്ല. ശബരിമല അടക്കം എന്‍ കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച നാല് ബില്ലും നറുക്കെടുപ്പിലൂടെ തള്ളി.

ഒമ്പത് ബില്ലുകളാണ് ആദ്യ ദിനം അവതരിപ്പിച്ചത്. ഇതില്‍ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച നാല് ബില്ലുകളും തള്ളി. ബാക്കി അഞ്ച് ബില്ലുകള്‍ ചര്‍ച്ചക്ക് എടുക്കാന്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു. 12ന് ചേരുന്ന പാര്‍ലിമെന്റ് സമ്മേളനത്തിലാണ് തിരഞ്ഞെടുത്ത ബില്ലുകള്‍ ചര്‍ച്ച ചെയ്യുക.

പ്രേമചന്ദ്രന്റെ ബില്‍ ആദ്യഘട്ടത്തില്‍ ചര്‍ച്ചക്ക് എടുത്തിട്ടില്ലെങ്കിലും ഇത് പൂര്‍ണമായും തള്ളപ്പെടില്ല. എപ്പോഴെങ്കിലും വേണമെങ്കില്‍ പാര്‍ലിമെന്റിന് ഇത് ചര്‍ച്ചക്ക് എടുക്കാന്‍ കഴിയും. എന്നാല്‍ നിലവില്‍ നറുക്കെടുപ്പിലൂടെ ഇത് തള്ളപ്പെട്ടതിനാല്‍ ഇപ്പോഴത്തെ പാര്‍ലിമെന്‍ര് സമ്മേളനത്തില്‍ ഇത് ചര്‍ച്ച ചെയ്യില്ല.