ന്യൂസിലാന്‍ഡ് ഇത്തവണ ലോകകപ്പുയർത്തും

COMMENTARY BOX
ന്യൂസിലാൻഡ് മുൻ നായകൻ
Posted on: June 25, 2019 12:09 pm | Last updated: June 25, 2019 at 12:09 pm

ലണ്ടന്‍: ന്യൂസിലാന്‍ഡ് ചരിത്രത്തിലാദ്യമായി ഇത്തവണ ലോകകപ്പുയർത്തും. ന്യൂസിലാന്‍ഡിനെ പലരും കാര്യമായി എടുക്കാറില്ല. കിവീസ് ഇത്രയും മികച്ച പ്രകടനം തുടര്‍ച്ചയായി പുറത്തെടുക്കാറില്ല എന്നത് തന്നെയാണ് കാരണം.
എന്നാല്‍, ഇത്തവണത്തെ പ്രകടനം എതിരാളികളെ ശരിക്കും ഞെട്ടിച്ചു. ന്യൂസിലാന്‍ഡിന് ലോകകപ്പില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. ആസ്ത്രേലിയ കഴിഞ്ഞാല്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ജയിച്ചിട്ടുള്ള ടീം ഞങ്ങളുടേതാണെന്ന് തോന്നുന്നു. ടൂര്‍ണമെന്റില്‍ ലഭിച്ച മികച്ച തുടക്കം ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തി. സെമീഫൈനലില്‍ ടീം കൂടുതല്‍ മികവിലേക്കുയരുമെന്ന് ഉറപ്പുണ്ട്.

കെയ്ന്‍ വില്യംസൺ വളരെ മികച്ച താരമാണ്. ഇപ്പോള്‍ മികച്ച നായകനുമായി അദ്ദേഹം മാറിയിരിക്കുന്നു. ജോ റൂട്ട്, വിരാട് കോലി, സ്റ്റീവ് സ്മിത്ത് എന്നിവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന താരമാണ് അദ്ദേഹം.
സെമീഫൈനലില്‍ ന്യൂസിലാന്‍ഡിനൊപ്പം ആസ്ത്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവരുമുണ്ടാകും. നാല് ടീമുകളും മികച്ച ഫോമിലാണെങ്കിലും ഞങ്ങൾക്ക് തോല്‍പ്പിക്കാന്‍ കഴിയുന്നവരുമാണ്. ഏറ്റവും നന്നായി അവസരങ്ങള്‍ വിനിയോഗിക്കുന്നവരായിരിക്കും ജയിച്ചു കയറുക. ന്യൂസിലാന്‍ഡിന് അതിന് കഴിയുമെന്ന് തന്നെ വിശ്വസിക്കുന്നു.

ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ മഴ പ്രതികൂലമായി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. തെളിഞ്ഞ ആകാശവും കൂടുതല്‍ ആവേശകരമായ പോരാട്ടങ്ങളും നോക്കൗട്ട് റൗണ്ടില്‍ കാണാന്‍ കഴിയും.

ബ്രെന്‍ഡന്‍ മക്കല്ലം
ന്യൂസിലാൻഡ് മുൻ നായകൻ