Connect with us

Ongoing News

ലോർഡ്സിൽ ഇന്ന് പോരാട്ടം പൊടിപാറും

Published

|

Last Updated

ലോർഡ്‌സ്: ക്രിക്കറ്റിലെ എക്കാലത്തെയും വൈരികൾ തമ്മിലാണ് ഇന്നത്തെ മത്സരം. ആവേശം കൊള്ളിക്കുന്ന പോരാട്ടമാകും ഇന്ന് ലോർഡ്‌സിൽ അരങ്ങേറുക. ആതിഥേയരായ ഇംഗ്ലണ്ട് ബദ്ധശത്രുക്കളായ ആസ്‌ത്രേലിയയെ നേരിടുമ്പോൾ കളത്തിന് അകത്തും പുറത്തും വാശിയേറും. പതിറ്റാണ്ടുകളുടെ ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തും വാശി നിലനിൽക്കുന്ന പോരാട്ടമാണ് ഇന്നത്തേത്. ഈ ലോകകപ്പിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ടീമുകൾ തമ്മിലുള്ള മത്സരത്തിലെ ഫലം പ്രവചാനാതീതമാണ്. ഇംഗ്ലണ്ടിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും ആസ്‌ത്രേലിയൻ താരങ്ങളുടെ പ്രകടനം കഴിഞ്ഞ മത്സരങ്ങളിൽ മികവുറ്റതായിരുന്നു. ലോകകപ്പിൽ ആറ് മത്സരങ്ങൾ വീതം കളിച്ച ഇംഗ്ലണ്ടും ആസ്‌ത്രേലിയയും യഥാക്രമം എട്ടും പത്തും പോയിന്റാണ് കരസ്ഥമാക്കിയത്. പാക്കിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും പരാജയപ്പെട്ട ഇംഗ്ലണ്ടിന് ആസ്‌ത്രേലിയക്കൊപ്പമെത്താൻ ഇന്നത്തെ വിജയം കൊണ്ടാകും. ആസ്‌ത്രേലിയക്കാകട്ടെ വിജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലഭിക്കും. ഇന്ത്യക്കെതിരെയാണ് ആസ്‌ത്രേലിയ പരാജയപ്പെട്ടത്.

ഇരുടീമുകളിലും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് ലോകകപ്പിൽ കാഴ്ചവെക്കുന്നത്. ആസ്‌ത്രേലിയയുടെ ബാറ്റിംഗ് വിസ്മയം ഡേവിഡ് വാർണറെ നേരിടാൻ ഇംഗ്ലണ്ടിന്റെ പേസർ ജൊഫ്ര ആർച്ചർ സജ്ജമാണ്. 15 വിക്കറ്റുകൾ കൊയ്ത ആർച്ചർ ലോകകപ്പിലെ മികച്ച ബൗളർമാരുടെ പട്ടികയിൽ ഒന്നാമനാണ്.
അതേസമയം, 147 പന്തിയിൽ നിന്ന് ബംഗ്ലാദേശിനെതിരെ 166 റൺസെടുത്ത വാർണർ മികച്ച ഇന്നിംഗ്‌സാണ് കഴിഞ്ഞ കളിയിൽ പുറത്തെടുത്തത്.
ക്ലാസിംഗ് ബാറ്റ്‌സ്മാന്മാരുടെ നിരയിൽ ഏറെ മുന്നിലാണ് ഇംഗ്ലണ്ടിന്റെ ജോസ് ബട്ട‌്ലറും ആസ്‌ത്രേലിയയുടെ മാക്‌സ് വെല്ലും. സ്പിന്നർമാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ ആദിൽ റാശിദും ഓസീസിന്റെ ആദംസാമ്പയും ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നങ്ങളാണ്.

ലോകകപ്പിൽ ഇതുവരെ ഏഴ് തവണയാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിൽ അഞ്ച് തവണയും ഓസീസിനായിരുന്നു വിജയം. 147 ഏകദിനങ്ങളിൽ മാറ്റുരച്ചപ്പോൾ മേൽക്കൊയ്മ ആസ്‌ത്രേലിയക്ക് തന്നെയായിരുന്നു. 81 തവണയും വിജയം കംഗാരുപ്പട സ്വന്തമാക്കി. ലോകകപ്പിലെ സന്നാഹ മത്സരത്തിൽ 12 റൺസിന്റെ ആക്‌സ്മിക വിജയം നേടി ആസ്‌ത്രേലിയ വരവറിയിച്ചിരുന്നു. 298 റൺസിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് മൂന്ന് ബോൾ ബാക്കി നിൽക്കെ 285ൽ അവസാനിക്കുകയായിരുന്നു.

സന്നാഹ മത്സരത്തിൽ ആതിഥേയർക്കേറ്റ അപമാനം തിരിച്ചുപിടിക്കാൻ ഇന്നത്തെ വിജയം ഇംഗ്ലണ്ടിന് അനിവാര്യമാണ്. എന്നാൽ, ശ്രീലങ്കയോടും പാക്കിസ്ഥാനോടുമുള്ള പ്രകടനം ആവർത്തിക്കുകയാണെങ്കിൽ ദയനീയ പരാജയം ഇംഗ്ലണ്ടിന് ഏറ്റുവാങ്ങേണ്ടി വരും. പൊതുവെ ശാന്തരായി കളിക്കുന്ന ടീമാണെങ്കിലും സ്വന്തം ഗ്രൗണ്ടിൽ പോലും ചില സമയങ്ങളിൽ നിയന്ത്രണം നഷ്ടപ്പെടാറുണ്ട് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരക്ക്. പാക്കിസ്ഥാനുമായുള്ള മത്സരം സൂചിപ്പിക്കുന്നതിതാണ്.