Connect with us

Kerala

അഭിമന്യു വധം: മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ കോടതിക്കു മുമ്പില്‍ ജീവനൊടുക്കുമെന്ന് പിതാവ്

Published

|

Last Updated

ഇടുക്കി: മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു വര്‍ഷമായിട്ടും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ കടുത്ത പ്രതിഷേധവുമായി കുടുംബം. അന്വേഷണത്തിലെ വീഴ്ചയാണ് ഇതിനിടയാക്കുന്നതെന്നും എല്ലാ പ്രതികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നില്ലെങ്കില്‍ കോടതിക്കു മുന്നില്‍ ജീവനൊടുക്കുമെന്നും അഭിമന്യുവിന്റെ പിതാവ് മനോഹരന്‍ പറഞ്ഞു.

അന്വേഷണം കൃത്യമായി നടത്തി മുഴുവന്‍ പ്രതികളെയും പിടികൂടാത്തതില്‍ അതൃപ്തിയുമായി അഭിമന്യുവിന്റെ അമ്മാവനും രംഗത്തെത്തി. അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച നാന്‍ പെറ്റ മകന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് മന്ത്രി എം എം മണി എഫ് ബിയിലിട്ട പോസ്റ്റിനടിയില്‍ കേസന്വേഷണത്തിലെ അതൃപ്തി അറിയിക്കുന്ന പ്രതികരണം അദ്ദേഹം രേഖപ്പെടുത്തി. അഭിമന്യുവിന്റെ മരണം സംഭവിച്ചിട്ട് ഒരു വര്‍ഷമാകാറായി. അന്വേഷണത്തെ എവിടെയെത്തി എന്നറിയില്ല. ചില പ്രതികള്‍ വിദേശത്തേക്കു പോയെന്നാണ് അറിയുന്നത്. പോലീസുകാരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവരൊന്നും പറയാന്‍ തയാറാകുന്നില്ല. അതിനാല്‍ മന്ത്രിയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നതായാണ് അമ്മാവന്റെ കമന്റ്.

കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷം ബി എസ് സി രസതന്ത്രം വിദ്യാര്‍ഥിയും എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനുമായ അഭിമന്യു (20) കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇടുക്കി മൂന്നാറിനു സമീപത്തെ വട്ടവട സ്വദേശിയായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

Latest