Connect with us

Gulf

പശ്ചിമേഷ്യന്‍ സംഘര്‍ഷം: അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോ സഊദിയില്‍

Published

|

Last Updated

റിയാദ്: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സഊദിയിലെത്തി. ജിദ്ദയിലെത്തിയ മൈക്ക് പോംപിനെ തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് ജിദ്ദയിലെ കൊട്ടാരത്തില്‍ സ്വീകരിച്ചു.

കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം, മേഖലയിലെ സംഭവവികാസങ്ങള്‍, എന്നിവയും ചര്‍ച്ച ചെയ്തു. ഇറാന്റെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിലും തീവ്രവാദത്തെയും ഭീകരതയെയും നേരിടുന്നതിലും ഇരു രാജ്യങ്ങളും ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയില്‍ പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അമേരിക്കയിലെ സഊദി അംബാസഡര്‍ റിമ ബിന്ത് ബന്ദര്‍ രാജകുമാരി, വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് അല്‍ അസഫ്, വിദേശകാര്യ സഹമന്ത്രി ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈര്‍, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, സഊദിയിലെ യു.എസ് അംബാസഡര്‍ ജോണ്‍ അബിസെയ്ദ്, സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് മൈക്കല്‍ മക്കിന്‍ലി മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കഴിഞ്ഞ ഒരുമാസത്തിനിടെ യു.എ.ഇയുടെ സമുദ്ര അതിര്‍ത്തിയില്‍ സഊദിയുടെ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെയും അമേരിക്കന്‍ സേനയുടെ നിരീക്ഷണ വിമാനം വെടിവെച്ചിട്ടതിന്റെയും പശ്ചാത്തലത്തിലാണ് പോംപിന്റെ സന്ദര്‍ശനം. ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം മൈക്ക് പോംപിയോ യാത്രപുറപ്പെടുന്നതിന് മുന്‍പ് നടത്തിയയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മുഹമ്മദ് റഫീഖ് ചെമ്പോത്തറ

സിറാജ് പ്രതിനിധി, ദമാം