ഇറാന്‍-യു എസ് സംഘര്‍ഷം: വ്യോമപാത മാറ്റാനുള്ള തീരുമാനം വിമാന നിരക്ക് വര്‍ധിപ്പിക്കുമെന്ന്‌

Posted on: June 24, 2019 8:58 pm | Last updated: June 24, 2019 at 8:58 pm

ദുബൈ: അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത ഇറാന്‍-യു എസ് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വ്യോമപാത മാറ്റാനുള്ള വിമാന കമ്പനികളുടെ തീരുമാനത്തിന് പിന്നാലെ യാത്രാ നിരക്കില്‍ വന്‍ വര്‍ധന വരുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇറാന്‍ വ്യോമ പരിധി ലംഘിച്ച് അമേരിക്കയുടെ ആളില്ലാ നിരീക്ഷണ പേടകം രാജ്യാതിര്‍ത്തിയിലേക്ക് കടക്കുകയും ഇറാന്‍ റവലൂഷനറി ഗാര്‍ഡ് ഇത് തകര്‍ത്തിടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മേഖല കൂടുതല്‍ സംഘര്‍ഷഭരിതമായത്.
നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനികളോട് അറേബ്യന്‍ കടലിടുക്ക് മേഖലയിലൂടെ ഇറാന്റെ വ്യോമ പരിധിയിലുള്ള പാത മാറ്റം വരുത്തണമെന്ന് ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ലോക രാജ്യങ്ങളിലെ വിവിധ വിമാനക്കമ്പനികളും വ്യോമപാത മാറ്റുന്നതിന് തീരുമാനമെടുത്തത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടികള്‍ എന്ന് വിമാനക്കമ്പനികള്‍ വിശദീകരിച്ചിരുന്നു.
നിലവിലെ വ്യോമപാതയില്‍ മാറ്റം വരുത്തുന്നതോടെ 300 മുതല്‍ 400 യു എസ് ഡോളര്‍ വരെ ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യാത്രാ സമയത്തില്‍ ഒരു മണിക്കൂറിന്റെ വരെ വ്യത്യാസം ഉണ്ടാകും. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ വിമാനക്കമ്പനികളുടെ വരുമാനത്തെയാണ് ബാധിക്കുക. അമിത നിരക്ക് ഈടാക്കിയാല്‍ യാത്രക്കാരെ വിമാനക്കമ്പനികളില്‍ നിന്ന് അകറ്റി നിര്‍ത്തും. ഇത് വ്യോമയാന മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.