ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Posted on: June 24, 2019 8:00 pm | Last updated: June 24, 2019 at 8:38 pm

പത്തനംതിട്ട: പമ്പാനദിയില്‍ വീണ സഹോദരനെരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം കടവിങ്കല്‍ സജീവന്റെയും ശ്രീജയുടെയും മകള്‍ സൂര്യ (17) യുടെ മൃതദേഹമാണ് പമ്പാനദിയില്‍ ഐത്തല ഭാഗത്ത് നിന്ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയൊടെകണ്ടെടുത്തത്.

സൂര്യയും സഹോദരന്‍ സുധിയും അമ്മയ്‌ക്കൊപ്പം ഞായറാഴ്ച്ച രാവിലെയാണ് അമ്മയുടെ സഹോദരി താമസിക്കുന്ന പള്ളിക്കമുരിപ്പിലെത്തിയത്. ഉച്ചയ്ക്ക് കുളി കഴിഞ്ഞ് കയറുന്നതിനിടയില്‍ സുധി ചെളിയില്‍ തെന്നി നദിയില്‍ വീണു. രക്ഷിക്കാനായി സൂര്യയും രജിതയും നദിയിലേക്ക് ചാടി. സൂര്യ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താണു. ഇതിനിടയില്‍ സുധി നീന്തി കരയ്ക്ക് കയറി. സൂര്യയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായപ്പൊള്‍ രജിതയും നീന്തി കരയ്‌ക്കെത്തി. ഞായറാഴ്ച്ച വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും സൂര്യയെകണ്ടെത്തിയിരുന്നില്ല.

പ്‌ളസ് ടു കഴിഞ്ഞ സൂര്യ ചെത്തിപ്പുഴ കൃസ്തു രാജ കോളേജില്‍ ബിരുദത്തിന് ചേര്‍ന്നിരുന്നു .തിങ്കളാഴ്ച്ച ക്‌ളാസ് തുടങ്ങാനിരിക്കെയാണ് ദുരന്തം.