ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: മലപ്പുറത്ത് സംവാദം നാളെ

Posted on: June 24, 2019 10:52 am | Last updated: June 24, 2019 at 7:58 pm


മലപ്പുറം: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വസ്തുതകള്‍ വിവാദങ്ങള്‍ എന്ന സംവാദം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് മലപ്പുറം പ്രസ് ക്ലബ് ഹാളില്‍ വെച്ച് നടക്കും.

കേരള സര്‍ക്കാര്‍ നിയോഗിച്ച കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ. എം. എ ഖാദര്‍ ചെയര്‍മാനും ജി ജ്യോതിചൂഢന്‍, ഡോ. സി രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്.

സര്‍വ ശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്‍ എന്നിവ ലയിപ്പിക്കുതിന് ഭാരത സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കമ്മിറ്റിയുടെ നിയമനം. 2019 ജനുവരിയില്‍ മികവിനായുള്ള സ്‌കൂള്‍ വിദ്യഭ്യാസം എന്ന തലക്കെട്ടില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സംവാദം സംഘടിപ്പിക്കുന്നത്. കമ്മീഷന്‍ മുന്നോട്ട് വെക്കുന്ന രീതികളിലെ പ്രശ്‌നങ്ങളും പ്രതീക്ഷകളും തുറന്ന് ചര്‍ച്ച ചെയ്യുന്നതാണ് സംവാദം കൊണ്ട് ഉദ്ദേശിക്കുന്നത്.

സംവാദം ഉച്ചക്ക് രണ്ടു മണിക്ക് മലപ്പുറം പ്രസ് ക്ലബ് ഹാളില്‍ പ്രമുഖ ചരിത്രകാരനും വിദ്യഭ്യാസ വിചക്ഷണനുമായ ഡോ.ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിക്കും. കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി റോയ് തോമസ് ടി ടി, കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം ടി കെ ശാഫി, കെ എച്ച് എസ് ടി യു സംസ്ഥാന കമ്മിറ്റി മെമ്പര്‍ ലതീബ് കുമാര്‍ കെ ബി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍, ഐ പി എഫ് സംസ്ഥാന കണ്‍വീനര്‍ അലി അഖ്ബര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി എ പി ബഷീര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജാഫര്‍ സാദിഖ് എന്നിവര്‍ സംസാരിക്കും