മലപ്പുറത്ത്‌ 15,041 പേർക്ക് ഇത്തവണയും പഠനം അന്യം

Posted on: June 24, 2019 8:37 am | Last updated: June 24, 2019 at 5:44 pm

അരീക്കോട്: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പുറത്തുവന്നതോടെ എസ് എസ് എൽ സി വിജയിച്ച 15041 പേർക്ക് പഠനം അന്യമാകും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലായി 9609 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുമ്പോൾ മലപ്പുറത്ത് 15041 പേരാണ് ഉപരിപഠനത്തിനായി കേഴുന്നത്. ജില്ലയിൽ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി 17207 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 2151 പേരെയാണ് പരിഗണിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ള ജില്ലയാണ് മലപ്പുറം. എന്നാൽ വിദ്യാർഥി ആനുപാതം അനുസരിച്ച് സീറ്റുകൾ നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നതാണ്. ഭരിക്കുന്നവരുടെ വിരോധാഭാസമാണ് ജില്ലയിലെ കുട്ടികൾ ഉപരിപഠനത്തിനായി അലയേണ്ടിവരുന്നത്.

പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ സീറ്റുകളുള്ളത്. 3264 സീറ്റുകൾ ഇവിടെ ഒഴിവുണ്ട്. പ്ലസ് വൺ സീറ്റിനായി വിവിധ കോണുകളിൽ നിന്നും പ്രക്ഷോഭം ഉയർന്നപ്പോൾ യാതൊരുവിധ ബാധ്യതയും ഇല്ലാതെ 20 ശതമാനം സീറ്റുകൽ വർധിപ്പിച്ചെങ്കിലും ജില്ലയിലെ 20 ശതമാനം വിദ്യാർഥികളും പുറത്ത് തന്നെയാണ്. മറ്റു ജില്ലകളിൽ അധികമുള്ള സീറ്റുകൾ മലപ്പുറത്തേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.

സീറ്റ് ലഭിക്കാതെ 15041 പേർ സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കേണ്ട അവസ്ഥയിലാണിപ്പോൾ. പരാതിയെ തുടർന്ന് സർക്കാറിന് ബാധ്യതയില്ലാതെ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുമ്പോൾ ഓരോ ക്ലാസിലും 70ൽ അധികം കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടിവരും. ഇത് പഠന നിലവാരത്തെ ഇല്ലാതാക്കും. മാത്രമല്ല മുഴുവൻ കുട്ടികളെയും ശ്രദ്ധിക്കാൻ അധ്യാപകന് സാധിക്കാതെയും വരും. സയൻസ് വിഷയങ്ങളെയാണ് ഇത് ഏറെ ബാധിക്കുക. 20 ശതമാനം സീറ്റ് വർധിപ്പിച്ചതോടൊപ്പം മറ്റ് ജില്ലകൾക്കും അധിന്റെ പരിഗണനയുണ്ട്. എന്നാൽ മറ്റു ജില്ലകളിൽ ആവശ്യമില്ലാത്ത സീറ്റുകൾ മലപ്പുറത്തിന് നൽകിയാൽ വിദ്യാർഥികളുടെ ഉപരിപഠനത്തിനായുള്ള ഊരുചുറ്റൽ ഇല്ലാതാക്കാൻ സാധിക്കും.