Connect with us

National

ഝാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം: അഞ്ചുപേര്‍ അറസ്റ്റില്‍, രണ്ടു പോലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചുപേരെ അറസ്റ്റു ചെയ്യുകയും രണ്ട് പോലീസുദ്യോഗസ്ഥന്മാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മോഷണക്കുറ്റമാരോപിച്ച് പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം മര്‍ദിക്കുകയും ജയ് ശ്രീറാം വിളിക്കേണ്ടി വരികയും ചെയ്ത തബ്രീസ് അന്‍സാരിയെന്ന 24കാരനാണ് കൊല്ലപ്പെട്ടത്. കര്‍സാവന്‍ ജില്ലക്കാരനാണ് തബ്‌രീസ്. ജൂണ്‍ പതിനെട്ടിനാണ് തബ്രീസ് ക്രൂരമായ മര്‍ദനത്തിന് വിധേയനായത്. മണിക്കൂറോളം കെട്ടിയിട്ട് തല്ലുകയായിരുന്നു. മുസ്ലിമാണെന്ന് അറിഞ്ഞതോടെ ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.

തബ്രീസിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തുകയും വാട്സ്ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു വീഡിയോയില്‍ തബ്രീസ് നിലത്ത് കിടക്കുന്നതും ചുറ്റുമുള്ളവര്‍ ആക്രോശിക്കുമ്പോള്‍ ഒരാള്‍ മരക്കഷ്ണം ഉപയോഗിച്ച് അടിക്കുന്നതുമാണുള്ളത്. തന്നെ തല്ലരുതെന്ന് ഇര കൈകൂപ്പി യാചിക്കുന്നുണ്ട്. പത്ത് മിനുട്ട് നീണ്ടതാണ് രണ്ടാമത്തെ വീഡിയോ. ഈ ദൃശ്യത്തില്‍ പോസ്റ്റില്‍ കെട്ടിയിട്ട് തബ്രീസിനെ അക്രമികള്‍ അടിക്കുന്നതാണുള്ളത്. മോഷ്ടിക്കാന്‍ വീട്ടില്‍ കയറിയതിനെ കുറിച്ച് ഒരാള്‍ ചോദിക്കുന്നു. താനല്ല മറ്റു രണ്ട് പേരാണ് മോഷ്ടിക്കാന്‍ വന്നതെന്നും തബ്രീസ് പറയുന്നുണ്ട്.

വീഡിയോയുടെ അവസാന ഭാഗത്താണ് അക്രമികള്‍ ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്ന് വിളിക്കുകയും തബ്രീസിനെക്കൊണ്ട് ഏറ്റുവിളിപ്പിക്കുകയും ചെയ്യുന്നത്. മറ്റ് രണ്ട് പേര്‍ക്കുമൊപ്പം അയല്‍ ഗ്രാമത്തില്‍ ചെന്നതായിരുന്നു തബ്രീസ് എന്നാണ് വിവരം. കൂടെയുണ്ടായിരുന്ന രണ്ട് പേരാണ് മോഷണ ശ്രമം നടത്തിയത്. അവര്‍ മുങ്ങിയതോടെ അക്രമികള്‍ ഇയാളെ പിടികൂടുകയായിരുന്നു.

മര്‍ദിച്ച് മൃതപ്രായമാക്കിയ ശേഷം തബ്രീസിനെ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് യുവാവിനെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ നില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ വെച്ചാണ് അന്ത്യം. പുണെയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന തബ്രീസ് പെരുന്നാളിന് നാട്ടിലെത്തിയതായിരുന്നു. ഇതിനിടെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു.

Latest