Ongoing News
കൊടുങ്കാടിറങ്ങാത്ത ദുരിത പാഠം


കണ്ടോ? ഇതുതന്നെ കഥ… ശബരിഗിരി പദ്ധതി പ്രദേശത്തിന് സമീപത്തെ മലന്പണ്ടാര ഊരിൽ ചക്രമൊടിഞ്ഞ സൈക്കിളുമായി കളിക്കുന്ന കുഞ്ഞ്
പത്തനംതിട്ട: സ്കൂൾ തുറന്ന് ഒരു മാസം ആകാറായിരിക്കുന്നു. പൊതുവിദ്യാലയങ്ങൾ പ്രതിസന്ധികളില്ലാത്ത അധ്യയന വർഷാരംഭത്തിന്റെ ആവേശത്തിലാണ്. മെച്ചപ്പെട്ട പഠന സൗകര്യവും അന്തരീക്ഷവും സ്കൂളുകളിൽ ഒരുങ്ങുക കൂടി ചെയ്തതോടെ കുട്ടികളും രക്ഷിതാക്കളും സന്തോഷത്തിലാണ്. ഇത് ഒരു പൊതുചിത്രം.
പക്ഷേ, പത്തനംതിട്ട ജില്ലയിലെ മൂഴിയാറിൽ ശബരിഗിരി പ്രോജക്ടിനോട് ചേർന്ന് കിടക്കുന്ന ഊരുകളിൽ നിന്ന് ലഭിക്കുന്ന വിവരം ഒട്ടും ശുഭകരമല്ല. ഇവിടെ നിന്നുള്ള മലന്പണ്ടാര വിഭാഗത്തിൽപ്പെട്ട ഏറെ കുട്ടികളും ഇതുവരെയും സ്‌കൂളിൽ എത്തിയിട്ടില്ല. കാരണം കേൾക്കണോ? പലർക്കും മാറിയുടുക്കാൻ വസ്ത്രമില്ല! കൊടും വനത്തിൽ നിന്ന് അകലെയുള്ള സ്കൂളിലെത്താനുള്ള പ്രയാസം മറ്റൊരു വഴിക്ക്. ചന്ദ്രന്റെയും രജനിയുടെയും മക്കൾ ഇതുവരെ സ്‌കൂളിലെത്തിയിട്ടില്ല.

1, 2- സ്കുളിൽ പോകാത്ത ശശീന്ദ്രനും സുപ്രിയയും സുമിത്രയും.
നാല് വർഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട, ആറാം ക്ലാസിൽ പഠിക്കുന്ന രജിതയും നാലാം ക്ലാസിൽ പഠിക്കുന്ന സതീഷും സനീഷും ഈ വർഷം സ്‌കൂളിൽ പോയിട്ടില്ലെന്ന് ഇവരുടെ അമ്മമാരായ രാജമ്മയും തുളസിയും പറയുന്നു. സമീപത്ത് തന്നെ താമസിക്കുന്ന ഒമ്പതാം ക്ലാസ്സുകാരി സുമിത്രയും എട്ടിൽ പഠിക്കുന്ന ശശീന്ദ്രനും സ്‌കൂളിലേക്കുള്ള യാത്ര മുടക്കി ടാർപോളിൻ പുതച്ച ഷെഡ്ഡിനുള്ളിൽ കഴിയുകയാണ്. അയ്യപ്പന്റെയും ഷൈനയുടെയും കുട്ടികൾക്ക് സ്കൂളിൽ പോകണമെന്നുണ്ട്. പക്ഷേ, ടി സി വേണം പോലും. അതെന്താണെന്ന അറിവ് ആ രക്ഷിതാക്കൾക്കില്ല. കൊടും വനത്തിനുള്ളിൽ മൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങൾക്ക് നടുവിൽ കഴിയുമ്പോഴും ഇവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ട്രൈ
ബൽ വകുപ്പ് ഈ വഴി വരുന്നത് അപൂർവം.
പത്തനംതിട്ട ജില്ലയുടെ പാരമ്പര്യം അവകാശപ്പെടാവുന്ന പട്ടിക വർഗ കുടുംബങ്ങളുടെ ദുരിതത്തിന്റെ ചെറിയൊരു ഉദാഹരണമാണ് ഇത്. ഉ
ള്ളാടൻ, മലവേടൻ, മലയരയൻ, മലപ്പണ്ടാരം, മലയൻ, മുഡുഗൻ എന്നീ പട്ടിക വിഭാഗങ്ങളാണ് ജില്ലയിലുള്ളതായി സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിൽ പറയുന്നത്. 2,226 കുടുംബങ്ങളിലായി 6,849 പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ജനങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ 3,317 പുരുഷൻമാരും 3532 സ്ത്രീകളും ഉൾപ്പെടുന്നു.

3- അയ്യപ്പനും ഷൈനയും കുട്ടികളും ഷെഡ്ഡിന് മുന്നിൽ
ഇവരിൽ ഉള്ളാടൻ, മലവേടൻ, മലന്പണ്ടാരം വിഭാഗങ്ങളാണ് ജില്ലയിലെ പാരമ്പര്യം അവകാശപ്പെടാവുന്ന പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരിൽ ദുരിതങ്ങളേറെയും അനുഭവിക്കുന്നത് മലമ്പണ്ടാര വിഭാഗമാണ്. സംസ്ഥാനത്ത് പ്രാക്തന ഗോത്ര സമൂഹമായാണ് മലന്പണ്ടാരങ്ങളെ പരിഗണിച്ചുവന്നിരുന്നത്. ട്രൈബൽ വകുപ്പ് നടത്തിയ അവസാന വിവര ശേഖരണത്തിൽ 230 കുടുംബങ്ങളിലായി 694 മലന്പണ്ടാര ആദിവാസികളാണ് ജില്ലയിൽ ഉള്ളത്. ഇത് ജില്ലയിലുള്ള പട്ടികവർഗ വിഭാഗങ്ങളിൽപ്പെടുന്ന ജനസംഖ്യയുടെ ഒന്പത് ശതമാനത്തോളം വരും. ഇതിൽ കൊടും വനത്തിനുള്ളിൽ കഴിയുന്ന 92 കുടുംബങ്ങൾ ഉള്ളതായാണ് കണക്കുകൾ. ഇവരുടെ ആകെ ജനസഖ്യ 400ന് അടുത്ത് വരും. റാന്നി- പെരുനാട് ഗ്രാമപഞ്ചായത്തിലെ ചാലക്കയം കേന്ദ്രീകരിച്ച് 38 കുടുംബങ്ങളും തണ്ണിത്തോട് മണ്ണീറയിൽ പത്ത് കുടുംബങ്ങളും ആരുവാപ്പുലം-കോട്ടാമ്പാറ, കാട്ടാത്തി വനമേഖലയിൽ ആറ് കുടുംബങ്ങളും സീതത്തോട് മൂഴിയാർ, സായിപ്പിൻകുഴി കേന്ദ്രീകരിച്ച് 38 കുടുംബങ്ങളും കൊടും വനത്തിനുള്ളിൽ പ്ലാസ്റ്റിക്ക് ഷീറ്റിന് താഴെ ജീവിതം കഴിച്ചുകൂട്ടുന്നു. പദ്ധതികൾക്ക് പഞ്ഞമില്ലെങ്കിലും പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും പരിണിത ഫലങ്ങൾ ഇവരിൽ ദൃശ്യമാണ്.
കൊടും വനത്തിനുള്ളിൽ കഴിയുന്ന കുട്ടികളിൽ ഏറെയും സർക്കാർ കണക്കുകളിൽ സ്‌കൂളിലെത്തുന്നതായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഒരാൾ മാത്രം. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഊരിനുള്ളിലെ ജീവിത രീതിയും വിദ്യാഭ്യാസം ഇവർക്ക് കിട്ടാക്കനിയാക്കുന്നു. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വീട്ടിൽ നിന്ന് സ്കൂളിലെക്കും തിരിച്ചുമുള്ള യാത്ര സൗജന്യമാക്കുന്നതാണ് ഗോത്ര സാരഥി പദ്ധതി. എന്നാൽ, ഇതിന്റെ പ്രയോജനം പൂർണ തോതിൽ ഇവർക്ക് ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നു. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ മാത്രം ഉൾപ്രദേശങ്ങളിലെ പത്താം ക്ലാസ് വരെയുള്ള ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി അട്ടത്തോട്ടിൽ ഒരു എൽപി സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളില്ലാതെ വന്നതിനാൽ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഈ സ്‌കൂൾ പുനരാരംഭിച്ചത്. ഇത് യു പി സ്‌കൂളായി ഉയർത്തിയെങ്കിലും അധ്യയന വർഷം ആരംഭിച്ച് നാളുകൾ ഏറെയായിട്ടും ഉത്തരവിറങ്ങിയിട്ടില്ല.
ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആൺക്കുട്ടികളെ നാറാണംമൂഴി ഗ്രാമപഞ്ചായത്തിലുള്ള കിസുമം സ്‌കൂളിലും പെൺകുട്ടികളെ ചിറ്റാർ ഹയർ സെക്കൻഡറി സ്‌കൂളിലും എത്തിക്കുകയാണ് പതിവ്. വടശേരിക്കരയിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും ഇവർക്ക് പഠന സൗകര്യം ഒരുക്കുന്നുണ്ട്.
(തുടരും)