Connect with us

Kerala

കാവിയെ പുണരാന്‍ അബ്ദുല്ലക്കുട്ടി; മോദിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മോദിയെ പുകഴ്ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുല്ലക്കുട്ടി ബി ജെ പിയിലേക്ക് പോകുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ന് പാര്‍ലിമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

“ബി ജെ പിയില്‍ ചേരൂ” എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയില്‍ പങ്കാളിയായ വിവരം താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതില്‍ സന്തോഷം പ്രകടിപ്പിച്ചു. ഇന്ന് തന്നെ ബി ജെ പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായേയും കാണുമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. തുടര്‍ന്ന് മാധ്യമങ്ങളെ കാണാനാണ് നീക്കം.

ഇന്ന് ജമ്മു കശ്മീര്‍ ക്വോട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പാര്‍ലമെന്റിലുണ്ട്. അല്‍പസമയത്തിനകം ബില്ലവതരണത്തിന് മുമ്പ് തന്നെ അബ്ദുല്ലക്കുട്ടി അമിത് ഷായെ കാണുമെന്നാണ് വിവരം.

നേരത്തേ കേരളാ നേതാക്കളുമായി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയെന്നും ചര്‍ച്ചകള്‍ നടത്തിയെന്നും സൂചനകളുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെ കാണാനെത്തിയിരിക്കുന്നത്.

നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വന്‍ വിജയത്തിന് കാരണം എന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നായിരുന്നു അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. ഫേസ്ബുക്ക് കുറിപ്പില്‍ മോദിയെ വാനോളം പുകഴ്ത്തിയ അബ്ദുല്ലക്കുട്ടി തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവും നടത്തിയിരുന്നു.