തദ്ദേശ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും: മുഖ്യമന്ത്രി

Posted on: June 24, 2019 12:54 pm | Last updated: June 24, 2019 at 4:10 pm

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അധികാരം പരിമതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഗരസഭാ സെക്രട്ടറിമാരുടെ തീരുമാനങ്ങള്‍ക്ക് എതിരായ അപ്പീലുകള്‍ പരിഗണിക്കാന്‍ തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും കൊച്ചിയിലും ട്രിബ്യൂണലുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗം കെ എം ഷാജികൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍ പഞ്ചായത്ത് രാജ് നിയമങ്ങളില്‍ സെക്രട്ടറിക്കു മാത്രമാണ് അധികാരമുള്ളത്. സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ വകുപ്പ് 509 (6) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍ മുമ്പാകെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ചെയര്‍മാനോ കൗണ്‍സിലിനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ ഉള്ള അധികാരമില്ല.
ഈ സംഭവം വ്യക്തമാക്കുന്ന ഒരു കാര്യം കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അവ പരിഹരിക്കുക എന്നത് പ്രധാനമാണ്.

നിലവില്‍ ട്രിബ്യൂണല്‍ തിരുവനന്തപുരത്തു മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ അപ്പീല്‍ തീര്‍പ്പാക്കാന്‍ സമയമെടുക്കുന്നു എന്ന സ്ഥിതി നിലവിലുണ്ട്. പെന്റന്‍സി കണക്കാക്കി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കൂടി ഈ സംവിധാനം വിപുലപ്പെടുത്തുന്ന കാര്യം പരിശോധിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അപേക്ഷകളിലെ ന്യൂനതകളുടെ കാര്യത്തില്‍ സമഗ്രമായി പഠിച്ച് ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കേണ്ടതാണ് എന്ന കാര്യം ഉറപ്പുവരുത്തും. ഘട്ടംഘട്ടമായി ചോദ്യങ്ങള്‍ ചോദിച്ച് കാലംതാമസം വരുത്തുന്ന പ്രവണത തടയുന്നതിന് ചട്ടങ്ങള്‍ പുറപ്പെടുവിക്കും.

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സാജന്റെ ആത്മഹത്യ ദു:ഖകരമാണ്. നാല് പേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷം പറയുന്നത് പോലെ കേസില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്യമാളക്ക് എതിരെ കേസെടുക്കാനാകില്ല. സംഭവം സി പി എമ്മിന് എതിരെ തിരിച്ചുവിടാന്‍ അനുവദിക്കില്ല. തെറ്റ് ചെയതവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷക്കെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് കെ എം ഷാജി പറഞ്ഞിരുന്നു. പി ജയരാജനെ എതിര്‍ത്തലും അദ്ദേഹത്തോട് ലോഹ്യം കൂടിയാലും മരണമെന്നതാണ് കണ്ണൂരിലെ അവസ്ഥയെന്നും ഷാജി ആരോപിച്ചിരുന്നു.

ഇതിനെതിരെയും മുഖ്യമന്ത്രി ശക്തമായ മറുപടി നല്‍കി. നിയമസഭയുടെ പരിരക്ഷയില്‍ മുതിര്‍ന്ന നേതാക്കളെ ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി ഉണര്‍ത്തി. ഇത് നല്ല നടപടിയല്ല. എം വി ഗോവിന്ദന്‍ മാസ്റ്ററെ എല്ലാവര്‍ക്കും അറിയാം. പി ജയരാജനെ ഉപയോഗിച്ചും സി പി എമ്മിന് എതിരെ തിരിയേണ്ടതില്ല.