Connect with us

National

രണ്ടാം മോദി സര്‍ക്കാറിന്റെ പ്രഥമ ബജറ്റ്: നിര്‍ണായക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉന്നമിട്ടുള്ളതെന്ന് സൂചന

Published

|

Last Updated

ന്യൂഡല്‍ഹി: ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതിരിപ്പിക്കാനിരിക്കുന്ന പ്രഥമ ബജറ്റില്‍ അഞ്ചു വര്‍ഷത്തേക്കുള്ള പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമിടും. ഭൂമി, തൊഴില്‍ മേഖലകളിലെ ഇടപെടലുകള്‍, നിക്ഷേപം ആകര്‍ഷിക്കുന്നതിന് മൂലധനം കണ്ടെത്തല്‍, ഉപഭോഗം ഊര്‍ജിതപ്പെടുത്താനുള്ള പ്രോത്സാഹനം തുടങ്ങി ഘടനാപരമായ നയംമാറ്റങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമായി അഞ്ചു വര്‍ഷത്തെ നയ രൂപവത്കരണ റോഡ് മാപ്പ് തയാറാക്കും. സര്‍ക്കാറിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന നിര്‍ണായക മേഖലകളാണ് സാമ്പത്തിക വളര്‍ച്ചാ മുരടിപ്പും തൊഴിലില്ലായ്മയും.

ജോലി അടിസ്ഥാനമാക്കിയുള്ള സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനുമുള്ള പദ്ധതികളും ബജറ്റിലുണ്ടാകും. ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് ബേങ്കുകളെ, പ്രത്യേകിച്ച് പൊതു മേഖലാ ബേങ്കുകളെ പ്രേരിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കും.
കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ വാണിജ്യ ബേങ്കുകളെ സാധ്യമാക്കും വിധം ബേങ്കുകള്‍ക്ക് നല്‍കുന്ന ധനസഹായത്തിനുള്ള പലിശ കൂടുതല്‍ കുറയ്ക്കാന്‍ റിസര്‍വ് ബേങ്ക് ആലോചിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്മാര്‍ വ്യക്തമാക്കുന്നു. ജൂണ്‍ ആറിന് റിപ്പോ നിരക്ക് റിസര്‍വ് ബേങ്ക് 5.75 ശതമാനമാക്കി കുറച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇത് മൂന്നാം തവണയാണ് ആര്‍ ബി ഐ റിപ്പോ നിരക്കില്‍ കുറവു വരുത്തുന്നത്.

ഗ്രാമീണ മേഖലയെ കേന്ദ്രീകരിച്ചുള്ള നയപരിപാടികള്‍ തുടരും. ഇതിനായുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രതിഫലിക്കും. ഗ്രാമീണ വികസനം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നത് കൂടി കണക്കിലെടുത്താണിത്. വന്‍തോതിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് മുന്നോടിയായുള്ള കാര്യങ്ങളായിരിക്കും രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ പ്രഥമ ബജറ്റില്‍ ഉണ്ടാവുകയെന്നാണ് ഉദ്യോഗസ്ഥന്മാര്‍ നല്‍കുന്ന സൂചന. 2024ഓടെ രാജ്യത്തെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ച (നിലവിലുള്ളതിന്റെ ഇരട്ടി) യിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.