Connect with us

Kerala

സംസ്ഥാന പ്രസിഡന്റിനായി ബി ജെ പിയില്‍ ഗ്രൂപ്പ് നേതാക്കളുടെ കരുനീക്കങ്ങള്‍ ഊര്‍ജിതം: കെ സുരേന്ദ്രന് മുഖ്യപരിഗണന

Published

|

Last Updated

കോഴിക്കോട്: സുവര്‍ണാവസരങ്ങള്‍ ഏറെയുണ്ടായിട്ടും നേതൃത്വത്തിലെ അനൈക്യവും തമ്മിലടിയും കാരണം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒന്നും നേടാനാകാതെ പോയ പാര്‍ട്ടിയാണ് ബി ജെ പി. കേന്ദ്രനേൃത്വത്തിന്റെ ഇടപടെല്‍ പലതവണയുണ്ടായിട്ടും സംസ്ഥാന ബി ജെ പിയിലെ ഗ്രൂപ്പിസത്തിന് ഒരു കുറവുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ നേതൃരംഗത്ത് വലിയ അഴിച്ചുപണിക്ക് ദേശീയ നേതൃത്വം നീക്കങ്ങളാരംഭിച്ചിരിക്കുകയാണ്.

അംഗത്വ വിതരണ ക്യാമ്പയിന്‍ ആഗസ്റ്റില്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് പുതിയ പ്രസിഡന്റിനെകൊണ്ടുവരാനാണ് നീക്കം. എന്നാല്‍ ഇത് മുന്നില്‍കണ്ട് ഗ്രൂപ്പ് പ്രവര്‍ത്തനവവും നേതാക്കള്‍ ശക്തപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഗ്രൂപ്പില്‍ നിന്നുള്ളയാളെ നേതൃ സ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

സംഘടനാ തിരഞ്ഞെടുപ്പില്‍ പരമാവധി സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് മുരളീധരപക്ഷവും കൃഷ്്ണദാസ്പക്ഷവും ശ്രമിക്കുന്നത്. പത്തനംതിട്ടയില്‍ ശക്തമായ പോരാട്ടം നടത്താന്‍ കഴിഞ്ഞ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രനെ പ്രസിഡന്റാക്കാനുള്ള നീക്കമാണ് ഡല്‍ഹി കേന്ദ്രീകരിച്ച മന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ നടക്കുന്നത്. എന്നാല്‍ കൃഷ്ണദാസ് പക്ഷം മറ്റൊരു ജനറല്‍ സെക്രട്ടറി എം ടി രമേശിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. കെ പി ശ്രീശന്റെ പേരുമായി നിലവിലെ പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ അനുയായികളും രംഗത്തുണ്ട്. അധികാര സ്ഥാനം ഉറപ്പിക്കാനായി മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളോടൊന്നും കേന്ദ്ര നേതൃത്വം പ്രതികരിച്ചിട്ടില്ല. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിത്യസ്തമായി സമൂലമായ അഴിച്ചുപണിയാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ആര്‍ എസ് എസിനും കൂടുതല്‍ സ്വീകാര്യനായ ഒരു പതുമുഖത്തേയാകും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത.

ഈ സാഹചര്യത്തില്‍ കെ സുരേന്ദ്രന് മുഖ്യ പരിഗണന ലഭിക്കുമെന്നാണ് മുരളീധരപക്ഷം പ്രതീക്ഷിക്കുന്നത്. പത്തനംതിട്ടയില്‍ മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഒരു ലക്ഷം വോട്ട് കൂടുതല്‍ നേടാന്‍ കഴിഞ്ഞത് സുരേന്ദ്രന്റെ വ്യക്തി മികവാണെന്നാണ് ഇവര്‍ പറയുന്നത്. ശബരിമല സമരത്തിലടക്കം സുരേന്ദ്രന് ലഭിച്ച പിന്തുണയും ദേശീയ നേതൃത്വം തള്ളില്ലെന്നാണ് ഇവര്‍ കണക്ക് കൂട്ടുന്നത്. ആര്‍ എസ് എസിന് അത്ര താത്പര്യം സുരേന്ദ്രനോടില്ലെന്നാണ് വിവരം. എന്നാല്‍ ഡല്‍ഹി കേ്ന്ദ്രീകരിച്ച് വി മുരളീധരന്‍ നടക്കുന്ന നീക്കത്തില്‍ ഇത് മറികടക്കാന്‍ കഴിയുമെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ കണക്ക് കൂട്ടുന്നു.
എന്നാല്‍ യുവനേതാവായ എം ടി രമേശ് ചാനല്‍ ചര്‍ച്ചകളിലും മറ്റും പാര്‍ട്ടിയുടെ മുഖമാണ്. അദ്ദേഹത്തിന് ഒരു അവസരം നല്‍കണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എം ടി രമേശിന് വിദൂര സാധ്യതയാണുള്ളത്.

ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി തിരുവനന്തപുരത്ത് മത്സരിപ്പിച്ച കുമ്മനം രാജശേഖരന്‍ നിലവില്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണ്. അതേ പോലെ വലിയ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ നിലവിലെ പ്രസിഡന്റ് ശ്രീധരന്‍പിള്ളക്ക് കഴിഞ്ഞിരുന്നു. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പുതിയ സ്ഥാനങ്ങള്‍ നല്‍കാന്‍ ദേശീയ നേതൃത്വം നിര്‍ബന്ധിതരാകും. ഇതില്‍ കുമ്മനം രാജശേഖരനെ ബി ജെ പി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ശ്രീധരന്‍പിള്ളയെ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവര്‍ണറായി പരിഗണിക്കാന്‍ സാധ്യതയുണ്ട.് ഇല്ലെങ്കില്‍ പുതുതായി കേന്ദ്രം രൂപവത്ക്കരിക്കുന്ന ലോ കമ്മീഷനില്‍ അഭിഭാഷകനായ പിള്ളയെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.