ഭീകരവാദം തുടച്ചുനീക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പാക് സൈനിക മേധാവി

Posted on: June 23, 2019 3:35 pm | Last updated: June 24, 2019 at 10:21 am

ലണ്ടന്‍: പാക് മണ്ണില്‍ നിന്ന് ഭീകരവാദത്തെ തുരത്താന്‍ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പാക്കിസ്ഥാന്‍ സൈനികത്തലവനായ ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ. രാജ്യത്ത് സമാധാനവും സ്ഥിരതയും കൈവരുത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടന്നുവരികയാണ്. പൊതു ശത്രുവെന്ന നിലയില്‍ ഭീകരവാദത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ മുഴുവന്‍ രാഷ്ട്രങ്ങളും പരസ്പരം സഹകരിക്കാന്‍ മുന്നോട്ടു വരണമെന്ന് ലണ്ടനില്‍ അന്താരാഷ്ട്ര നയതന്ത്ര പഠന കേന്ദ്രത്തിന്റെ പരിപാടിയില്‍ പ്രസംഗിക്കവെ ഖമര്‍ ആവശ്യപ്പെട്ടു.

സമാധാനത്തിന്റെയും പുരോഗതിയുടെയും ശത്രുക്കളെ പാക്കിസ്ഥാനില്‍ നിന്ന് തുടച്ചുനീക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍, ദക്ഷിണേഷ്യയില്‍ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നത് മേഖലയിലെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കുന്നതിനെ ആശ്രയിച്ചിരിക്കും. ഭീകരവാദത്തിന്റെ ഒരുപാട് തിക്തഫലങ്ങള്‍ കഴിഞ്ഞകാലത്ത് പാക്കിസ്ഥാന്‍ അനുഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച ഖമര്‍ അത് ഭാവിയില്‍ അനുഭവിക്കേണ്ടി വരരുതെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു.

മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാനിലേക്ക് വിദേശ നിക്ഷേപം വരുന്നതിന് വഴിയൊരുങ്ങും. മേഖലയിലെ സഹകരണത്തിന് വിദേശ നിക്ഷേപം പരമ പ്രധാന പങ്കാണ് വഹിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദത്തിന് ധനസഹായം ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ പാക്കിസ്ഥാന്‍ ഒക്ടോബറോടെ പൂര്‍ത്തിയാക്കണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ആഗോള സാമ്പത്തിക നിരീക്ഷണ സമിതിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാക് സൈനിക മേധാവിയുടെ പ്രതികരണം.