Connect with us

Articles

മുർസിയെ രക്തസാക്ഷിയാക്കിയതാര്?

Published

|

Last Updated

മിനുട്ടുകൾ മാത്രമേ കോടതിയുടെ വിചാരണക്കൂട്ടിൽ ആ മനുഷ്യന് നിൽക്കാൻ സാധിച്ചുള്ളൂ. ന്യായാധിപന്റെ ചോദ്യങ്ങൾക്ക് ചെറു വാചകങ്ങൾ മാത്രം ഉത്തരമായി നൽകി അദ്ദേഹം തകർന്നു വീണു. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അധികാരവും അധികാരനഷ്ടവുമില്ലാത്ത ലോകത്തേക്ക് യാത്രയായി. അത്രമേൽ ദുർബലനായിരുന്നു അദ്ദേഹം. തേൾക്കൊട്ടാരം എന്ന് വിളിക്കപ്പെടുന്ന തോറാ ജയിലിൽ നിന്നാണ് അദ്ദേഹത്തെ കോടതിയിൽ കൊണ്ടുവന്നത്. പ്രമേഹം, നേത്ര രോഗം, രക്താതിസമ്മർദം. അസുഖങ്ങളുടെയും തടവറയിലായിരുന്നു അദ്ദേഹം.

ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി ബഹുകക്ഷി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മുഹമ്മദ് മുർസി കോടതി മുറിയിൽ കുഴഞ്ഞുവീണു മരിക്കുമ്പോൾ ആ ഓർമകൾക്ക് മുമ്പിൽ അർപ്പിക്കാവുന്ന ഏറ്റവും തിളക്കമുള്ള വാചകം “ജനാധിപത്യത്തിനായി പൊരുതി വീണ രക്തസാക്ഷി”യെന്നതായിരിക്കും. 2013 മുതൽ മുഹമ്മദ് മുർസി ജയിലിലാണ്. ആദ്യം അലക്‌സാണ്ട്രിയയിൽ. പിന്നീട് തോറാ ജയിലിൽ. അദ്ദേഹത്തോടൊപ്പം ശിക്ഷിക്കപ്പെട്ട എല്ലാ ബ്രദർ ഹുഡുകാരെയും ഒരു സെല്ലിൽ പാർപ്പിച്ചപ്പോൾ മുർസിയെ ഏകാന്ത തടവിലിട്ടു. ചികിത്സ നൽകിയില്ല. ബന്ധുക്കളെയും അഭിഭാഷകരെയും കാണാൻ അനുവദിച്ചില്ല.

ഇഞ്ചിഞ്ചായി കൊന്നുവെന്ന് തന്നെ പറയാം. ബ്രിട്ടീഷ് വസ്തുതാന്വേഷണ സംഘം മുർസി ജയിലിൽ അനുഭവിച്ച പീഡനത്തിന്റെ നേർ ചിത്രം ലോകത്തിന് മുമ്പിൽ വെച്ചിട്ടുണ്ട്, ഒട്ടും കലർപ്പില്ലാതെ. മുർസിയുടെ മകൻ അബ്ദുല്ല മുർസി ബ്രിട്ടീഷ് സംഘത്തിന് മുമ്പാകെ നൽകിയ മൊഴി ആ മനുഷ്യനോട് ഫത്താഹ് അൽ സീസി ഭരണകൂടം എന്താണ് ചെയ്തതെന്ന് വ്യക്തമാക്കുന്നുണ്ട്: “2013 ജൂലൈ മൂന്നിനുണ്ടായ പട്ടാള അട്ടിമറിക്കുശേഷം ഒരിക്കൽ മാത്രമാണ് അദ്ദേഹത്തെ കാണാനായത്. ആദ്യത്തെ നാല് മാസം അദ്ദേഹത്തെ എവിടെയാണ് പാർപ്പിച്ചിരുന്നതെന്ന് പോലും ഞങ്ങൾക്കാർക്കും അറിവില്ലായിരുന്നു. അലക്‌സാണ്ട്രിയയിലെ തടങ്കൽ കേന്ദ്രത്തിലാണ് അദ്ദേഹമുള്ളതെന്ന് പിന്നീട് മനസ്സിലാക്കി. 2013 നവംബർ നാലിന് അലക്‌സാണ്ട്രിയയിലെ തന്നെ ബുർജ് അൽ അറബ് ജയിലിലേക്ക് അദ്ദേഹത്തെ മാറ്റി. 2013 നവംബർ ഏഴിന് അദ്ദേഹത്തെ കുടുംബസമേതം സന്ദർശിക്കാനായി.

അരമണിക്കൂർ മാത്രം നീണ്ട കൂടിക്കാഴ്ചയായിരുന്നു അത്. ഞങ്ങൾ ഒരുമിച്ചിരുന്ന മുറിയിൽ ഞങ്ങൾക്ക് ചുറ്റും അഞ്ച് ഉദ്യോഗസ്ഥരുണ്ടായിരുന്നു. മനസ്സ് തുറന്ന് എന്തെങ്കിലും സംസാരിക്കാനുള്ള സാഹചര്യം അന്നവിടെ ഉണ്ടായിരുന്നില്ല. ഞാൻ അദ്ദേഹത്തെ അവസാനമായി കാണുകയായിരുന്നു അന്ന്. പിന്നീട് ഒരുപാട് തവണ സന്ദർശനത്തിന് ഞാൻ അനുമതി തേടിയെങ്കിലും സൈനിക ഭരണകൂടം എല്ലാം തള്ളി. ഏതാണ്ട് അഞ്ച് മാസം കഴിഞ്ഞ് അദ്ദേഹത്തെ തോറ ജയിൽ സമുച്ചയത്തിലെ തോറ ഫാം ജയിലിലേക്ക് മാറ്റി” ഒരു മുൻ പ്രസിഡന്റിന് ലഭിക്കേണ്ട ഒരു പരിരക്ഷയും ലഭിച്ചില്ലെന്ന് മാത്രമല്ല, ഒരു സാധാരണ തടവുകാരന് നൽകുന്ന അവകാശങ്ങൾ പോലും വകവെച്ച് നൽകിയില്ലെന്ന് മകന്റെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഒടുവിൽ ജൻമനാടായ ശറഖിയ്യയിൽ അന്ത്യവിശ്രമം കൊള്ളാനുള്ള അവകാശം പോലും അനുവദിച്ചില്ല. ജയിലധികൃതർ നിശ്ചയിച്ച പ്രകാരം കിഴക്കൻ കൈറോയിൽ അദ്ദേഹത്തെ ഖബറടക്കി. ഭരണകൂടം കനിഞ്ഞവർ മാത്രം ആ ചടങ്ങിൽ പങ്കെടുത്തു. മുർസിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. രക്തസാക്ഷിത്വം പാഴാകില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. മുർസി എന്ന ഭരണാധികാരിയുടെ എല്ലാ വീഴ്ചകളും മായ്ച്ചു കളയാൻ സീസി ഭരണകൂടം മുർസിയോട് ചെയ്ത ക്രൂരതകൾ മതിയാകും. ശരിയായ വിചാരണയും നിയമപരമായ അവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് ജയിലിൽ കഴിഞ്ഞതെന്ന വസ്തുത മാത്രം മതിയാകും മുർസിയുടെ എല്ലാ കുറ്റങ്ങൾക്കും മാപ്പ് നൽകാൻ. വിപ്ലവ ഈജിപ്തിനെ സൈനിക ഭരണത്തിലേക്ക് തള്ളിവിട്ടതിന്റെ ചരിത്രം എഴുതിവെച്ച താളുകൾ മുഴുവൻ കത്തിച്ചു കളയാനുള്ള അഗ്നി, മുർസിയുടെ അന്ത്യത്തെ ചൊല്ലി ഇഖ്‌വാനികളും അവരുടെ ആശയ ബന്ധുക്കളും വൈകാരികതയിൽ അകപ്പെട്ടവരും ഉയർത്തുന്ന രോഷത്തിലുണ്ട്.

ആരായിരുന്നു മുർസി? മുഹമ്മദ് മുർസി ഈസാ അൽ അയ്യാഥ് എന്ന് പൂർണ നാമം. 1951 ആഗസ്റ്റ് 20ന് ഈജിപ്തിലെ ശറഖിയ്യയിൽ ജനനം. കൈറോ സർവകലാശാലയിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും. 1982ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ്. അവിടെ മൂന്ന് വർഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1985ൽ ജന്മനാട്ടിലേക്ക് മടങ്ങിയ മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുകയും പ്രസ്ഥാനത്തിൽ സജീവമാവുകയും ചെയ്തു. 2000ത്തിൽ ബ്രദർഹുഡ് പിന്തുണയോടെ പാർലിമെന്റിലേക്ക് മത്സരിച്ച് ജയിച്ചിരുന്നുവെങ്കിലും സംഘടനയുടെ ഉന്നത നേതൃനിരയിൽ മുർസി ഉണ്ടായിരുന്നില്ല. 2012ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ ഇഖ്‌വാൻ നേതൃത്വം നിശ്ചയിച്ചത് ഖൈറാത്ത് അൽ ശാതറിനെയായിരുന്നു. അദ്ദേഹം അയോഗ്യനായപ്പോൾ മാത്രമാണ് ഡമ്മി സ്ഥാനാർഥിയായ മുർസി തിരഞ്ഞെടുപ്പ് ഗോദയിൽ എത്തിയത്. ടുണീഷ്യയിൽ നിന്ന് തുടങ്ങിയ, അറബ് വസന്തമെന്ന് വിളിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകളുടെ ഈജിപ്ഷ്യൻ പതിപ്പിൽ ഹുസ്‌നി മുബാറക്കിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണം തകർന്നു വീണപ്പോൾ ആ ശൂന്യതയിലേക്ക് കയറി നിന്ന് അധികാരം പിടിക്കാൻ ബ്രദർഹുഡ് പടച്ചുണ്ടാക്കിയ രാഷ്ട്രീയ പാർട്ടിയായിരുന്നു ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി. ശാതറിന്റെ അഭാവത്തിൽ ഈ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ മുർസിക്ക് തഹ്‌രീർ ചത്വരത്തിൽ ആർത്തിരമ്പിയ മനുഷ്യരുടെ മുഴുവൻ പ്രതിനിധാനം അനായാസം കൈവരികയായിരുന്നു. സദസ്സിന്റെ രണ്ടാം നിരയിലിരിക്കേണ്ടയാൾ ഒറ്റയടിക്ക് വേദിയിലെ ഏറ്റവും സമ്മോഹനമായ ഇരിപ്പിടത്തിൽ എത്തിയതിന്റെ അങ്കലാപ്പ് പക്ഷേ, മുർസിയെന്ന ടെക്‌നോക്രാറ്റ് അതിമനോഹരമായി മറികടന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങൾക്ക് അത്രക്ക് കനമുണ്ടായിരുന്നു.

അപാരമായ പ്രതീക്ഷകളാണ് മുർസി നൽകിയത്. അത് അധികാരവൃക്ഷത്തിന് താങ്ങാവുന്നതിൽ അധികമായിരുന്നു. തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ് അദ്ദേഹത്തിന്റെ കൈയിൽ വന്നു ചേർന്നത്. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, വിദേശനാണ്യ പ്രതിസന്ധി, തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യ മേഖല. എല്ലാത്തിനും ഉപരി ഇന്ധന ക്ഷാമം. ഐ എം എഫ് വായ്പ തരപ്പെടുത്താനായി വരുത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ഇന്ധന സബ്‌സിഡി പിൻവലിക്കാൻ മുർസി നിർബന്ധിതനായി. വിദേശത്ത് അദ്ദേഹം നേടിയ വിജയങ്ങൾ സ്വദേശത്തെ പരാജയങ്ങളിൽ ഒലിച്ചു പോയി.

ക്രൂരമായ പരിഷ്‌കരണങ്ങൾക്ക് മുതിർന്നിട്ടും ഐ എം എഫ് ആവശ്യത്തിന് വായ്പ നൽകിയില്ല. ആയിരക്കണക്കിന് വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പമ്പുകൾക്ക് മുന്നിൽ മണിക്കൂറുകൾ ക്യൂ നിൽക്കുകയെന്നത് പൗരൻമാരുടെ ദിനചര്യയായി മാറി. ഓരോ ക്യൂവും ഓരോ രാഷ്ട്രീയ സംവാദ വേദിയായിരുന്നു.സർക്കാറിനെതിരായ അമർഷം അവിടെ ഒഴുകിപ്പരന്നു. ശക്തമായി ആഞ്ഞടിക്കണമെന്ന ധാരണ രൂപപ്പെടുന്നത് ഇത്തരം അനൗപചാരിക മണ്ഡലങ്ങളിൽ നിന്നാണ്. ക്രമസമാധാന പ്രശ്‌നങ്ങൾ ഇതിന്റെ സൂചനകളാണ്. കോപ്റ്റിക് ക്രിസ്ത്യാനികളുടെ ആസ്ഥാന മന്ദിരത്തിന് നേരെ നടന്ന ആക്രമണം ഒരു വഴിത്തിരിവായിരുന്നു. പൊതു ബോധത്തെ ആഴത്തിൽ സ്വാധീനിക്കാവുന്ന ഇടപെടലാണ് കോപ്റ്റിക് വിഭാഗം നടത്തിയത്. ഇതെല്ലാം കാണുമ്പോഴും ജനങ്ങളുടെ സാമ്പത്തിക ആധി പരിഹരിക്കാനല്ല മുർസി ശ്രമിച്ചത്. മറിച്ച് ഭരണഘടനാ ഭേദഗതിയിലൂടെ തന്റെ അധികാരം ഭദ്രമാക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായ വിഭാഗത്തിനും മുകളിൽ തന്നെ പ്രതിഷ്ഠിക്കുന്നതായിരുന്നു ആ ഭേദഗതി. പുതിയ ഭരണഘടനക്ക് അംഗീകാരം തേടി ഹിതപരിശോധനക്കായി പിന്നെ ശ്രമം. ശ്രദ്ധ മുഴുവൻ അങ്ങോട്ടു പോയി. തണുത്ത പ്രതികരണമാണ് ഹിതപരിശോധനക്ക് ജനം നൽകിയത്. പകുതി പേരും പങ്കെടുത്തതേയില്ല. അപ്പോഴെങ്കിലും രോഗമറിഞ്ഞ് ചികിത്സിക്കണമായിരുന്നു. കൈവന്ന അധികാരം ഊട്ടിയുറപ്പിക്കുന്ന മുർസിയെ ഹുസ്‌നി മുബാറക്കിനേക്കാൾ കഷ്ടമെന്ന് വിശേഷിപ്പിക്കുന്നതിലേക്ക് ഒരു വർഷം കൊണ്ട് കാര്യങ്ങൾ അധഃപതിച്ചു. 2012 ജൂൺ 30ന് തുടങ്ങിയ ഭരണസാരഥ്യം 2013 ജൂലൈ മൂന്നിന് ഒടുങ്ങി. ജനകീയ സമരം അടിച്ചമർത്തിയെന്ന കുറ്റത്തിന് മുർസി ജയിലിലായി.


സത്യത്തിൽ മുർസിയുടെ പരാജയം മുസ്‌ലിം ബ്രദർഹുഡിന്റെ പരാജയമായിരുന്നു. ഇസ്‌ലാമിന്റെ ശരിയായ രാഷ്ട്രീയ പ്രയോഗം അവകാശപ്പെടുന്ന ഈ ഇസ്‌ലാമിസ്റ്റ് സംഘത്തിന് അധികാരം കൈയാളാനുള്ള ശേഷിയില്ലെന്നും അവരെ വിശ്വസിച്ചാൽ അരാജകത്വമാണ് ആത്യന്തിക ഫലമെന്നും തെളിയിക്കുന്നതായിരുന്നു മുർസിയുടെ പതനം. മുല്ലപ്പൂ വിപ്ലവത്തെ രാഷ്ട്രീയ അധികാരത്തിലേക്ക് പരാവർത്തനം ചെയ്തതിൽ ബ്രദർഹുഡിന് വലിയ പിഴയാണ് സംഭവിച്ചത്. സുശക്തമായ സംഘടനാ സംവിധാനവും നവ ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകളും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ച സുനിശ്ചിതമായ വിജയത്തെ ആ അർഥത്തിൽ കാണാൻ ബ്രദർഹുഡിന് സാധിച്ചില്ല. തങ്ങളുടെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി സൈന്യത്തോടും അമേരിക്കയടക്കമുള്ള വൻ ശക്തികളോടും ഒരുപോലെ കൂടിയാലോചിച്ച് രൂപവത്കരിച്ച സർക്കാറിന്റെ ശക്തിയും ദൗർബല്യവും വിലയിരുത്തുന്നതിലും ബ്രദർഹുഡ് പരാജയപ്പെട്ടു. മുഹമ്മദ് മുർസി പോകുന്ന വഴിക്ക് സംഘടനയും പോയി. ഇരിക്കും മുമ്പ് കാൽ നീട്ടിയാൽ വീഴുമെന്ന് പോലും ഉപദേശിക്കാൻ ബ്രദർഹുഡിന് സാധിച്ചില്ല. ജനാധിപത്യമെന്ന ഭരണസംവിധാനത്തിന്റെ സ്വഭാവം ഇഖ്‌വാൻ ശരിയായി മനസ്സിലാക്കിയില്ലെന്ന് വേണം വിലയിരുത്താൻ. അധികാരം കേന്ദ്രീകരിക്കാനുള്ള മുർസിയുടെ ശ്രമങ്ങൾ മുബാറക്കിനെതിരെ ഒന്നാം തഹ്‌രീർ പ്രക്ഷോഭം മുന്നോട്ടു വെച്ച മുദ്രാവാക്യം ഒരിക്കൽ കൂടി പ്രസക്തമാക്കുകയായിരുന്നു.

മുബാറക്കിന്റെ സാമ്രാജ്യത്വ ദാസ്യമായിരുന്നല്ലോ ഒന്നാം തഹ്‌രീറിൽ വിചാരണ ചെയ്യപ്പെട്ടത്. ഈ വിചാരണയുടെ അധികാര ഗുണഭോക്താവായ മുർസി കിരീടമണിഞ്ഞപ്പോൾ സാമ്രാജ്യത്വ അജൻഡകളുടെ ചതിക്കുഴികളിൽ അദ്ദേഹം മൂക്കും കുത്തി വീണു. ഉദാര, കമ്പോള കേന്ദ്രീകൃത സാമ്പത്തിക നയത്തിനെതിരെയായിരുന്നു ജനം ആർത്തലച്ചത്. മുർസി അതേ നയം തുടർന്നു. സാമ്പത്തിക ഉത്കണ്ഠകൾക്ക് പരിഹാരം കാണുന്നത് പോയിട്ട് പ്രതീക്ഷകൾ സമ്മാനിക്കാൻ പോലും അദ്ദേഹത്തിന് സാധിച്ചില്ല. ബ്രദർഹുഡിന് പോലും ദഹിക്കാത്ത വിദേശ നയമാണ് അദ്ദേഹം പിന്തുടർന്നത്. നിരന്തരം സംഭവിച്ച പിഴവുകളുടെ തുടർച്ചയായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്ന ജനരോഷം. ഇത്തരമൊരു പരിണതിയുടെ സൂചനകൾ തുടക്കത്തിലേ വന്നിരുന്നു. ഭരണഘടനാ ഹിതപരിശോധനക്ക് തൊട്ടുമുമ്പ് തഹ്‌രീർ ചത്വരത്തിൽ ഒത്തുചേർന്നവരെ പ്രതിവിപ്ലവകാരികളെന്നും തോറ്റവരുടെ മോഹഭംഗമെന്നും വിലയിരുത്തും മുമ്പ് ബ്രദർഹുഡ് വിവേകപൂർവം പെരുമാറിയിരുന്നുവെങ്കിൽ മുഹമ്മദ് മുർസിക്ക് ഇത്രക്കും ദയനീയമായ അന്ത്യം സംഭവിക്കില്ലായിരുന്നു. സൈനിക അട്ടിമറിയിലൂടെ അധികാര ഭ്രഷ്ടനായ പ്രസിഡന്റെന്ന് മുർസിയെ വിശേഷിപ്പിക്കുന്നത് ഭാഗികമായ സത്യം മാത്രമാണ്. തീർച്ചയായും അധികാരം പിടിച്ചെടുത്തത് സൈന്യമാണ്. അതിന് അവർക്ക് അവസരമൊരുങ്ങിയത് ജനകീയ പ്രക്ഷോഭത്തിലൂടെയും.

ബ്രദർഹുഡും അതിന്റെ പ്രാദേശിക വകഭേദങ്ങളും ഇസ്‌ലാമിക പ്രതീകങ്ങളെയാണ് തങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് കൂട്ട് പിടിക്കാറുള്ളത്. രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രതീക്ഷാനിർഭരമായ ഉദയമായി അവർ സ്വയം കൊണ്ടാടുന്നു. എന്നാൽ ശിഥിലമായിക്കൊണ്ടേയിരിക്കുന്ന മുസ്‌ലിം ജനപഥങ്ങളെ ശാന്തമായ നിലനിൽപ്പിലേക്ക് നയിക്കുന്ന വല്ല പരിഹാരവും അവരുടെ കൈയിലുണ്ടോ? ഒന്നുമില്ലെന്ന് മാത്രമല്ല, ബ്രദർഹുഡിന്റെ ആശയഗതി പങ്കുവെക്കുന്നവരാണ് ഇവിടെയൊക്കെ ശൈഥില്യത്തിന്റെ ഒരറ്റത്ത് നിൽക്കുന്നത്. ഈജിപ്തിലും അതിന് തന്നെ ശ്രമിച്ചു ബ്രദർഹുഡ്. ജനാധിപത്യത്തിൽ കൈവന്നത് കളഞ്ഞ് കുളിച്ച ശേഷം അവർ ഇറങ്ങിയത് രക്തരൂഷിത പ്രക്ഷോഭത്തിനായിരുന്നുവല്ലോ. റാബിയത്തുൽ അദവിയ്യയിലും റംസീസ് ചത്വരത്തിലും മസ്ജിദുൽ ഫത്ഹിലും മരിച്ചു വീണ മനുഷ്യർ ഇതിന്റെ തെളിവാണ്. ഒടുവിൽ സൈനിക ഭരണകൂടത്തിന്റെ നിരോധനമേറ്റ് അണ്ടർഗ്രൗണ്ടിലേക്ക് മടങ്ങിയ ഇഖ്‌വാനികൾ ഈ മനുഷ്യരുടെ ചോരക്ക് എന്ത് മറുപടി പറയും?

അതുകൊണ്ട് മുർസിയെ സൈന്യത്തിന്റെ കൊടും ക്രൂരതകൾക്ക് വിട്ടുകൊടുത്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഇഖ്‌വാനുൽ മുസ്‌ലിമീന് ഒഴിഞ്ഞു മാറാനാകില്ല. ഈജിപ്തിലെ ജനങ്ങൾ തെരുവിലിറങ്ങിയത് സൈനിക ഭരണം തിരിച്ചു വരാനായിരുന്നില്ല. അവർക്ക് വേണ്ടിയിരുന്നത് അവരുടെ ഹിതം നിറവേറ്റുന്ന ഭരണമായിരുന്നു. അതിനുള്ള അവസരമാണ് അവർ ജനകീയ പ്രക്ഷോഭത്തിലൂടെ സാധ്യമാക്കിയത്. എത്രയോ ബ്രദർഹുഡുകാരെ അവർ വീടിന്റെ മച്ചിലൊളിപ്പിച്ച് സംരക്ഷിച്ചിട്ടുണ്ട്. നല്ല നാളുകൾ അവരിലൂടെ വരാനിരിക്കുന്നുവെന്ന് പ്രതീക്ഷിച്ചതു കൊണ്ടായിരുന്നു അത്. അൽ അസ്ഹർ സർവകലാശാലക്ക് തീവെക്കുന്ന, ഇസ്‌റാഈലിന് വേണ്ടി സീനായി മേഖലയിൽ കുഴപ്പമുണ്ടാക്കുന്ന ഇഖ്‌വാനികളെ ഇന്നവർ വെറുക്കുന്നു. മുർസിയുടെ രക്തസാക്ഷിത്വം കൊണ്ടാടി ഈ വെറുപ്പ് മറികടക്കാനാകില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest