ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകയെ വെടിവച്ചു കൊല്ലാന്‍ ശ്രമം; ആക്രമണം നടത്തിയത് അജ്ഞാത സംഘം

Posted on: June 23, 2019 11:30 am | Last updated: June 23, 2019 at 6:19 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകയെ വെടിവച്ചു കൊലപ്പെടുത്താന്‍ അജ്ഞാത സംഘത്തിന്റെ ശ്രമം. ആക്രമണത്തില്‍ പരുക്കേറ്റ നോയിഡ സ്വദേശി മിതാലി ചന്ദോലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കായി മിതാലിയെ എയിംസ് ആശുപത്രിയിലേക്കു മാറ്റുമെന്ന് കിഴക്കന്‍ മേഖലാ പോലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അലോക് കുമാര്‍ പറഞ്ഞു. നോയിഡയിലെ ഒരു ടെലിവിഷന്‍ ചാനലിലാണ് മിതാലി പ്രവര്‍ത്തിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 12.30ന് കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ ധര്‍മശില കാന്‍സര്‍ ആശുപത്രിക്കു സമീപത്താണ് ആക്രമണമുണ്ടായത്. ഹുണ്ടായി ഐ 20 കാറില്‍ സഞ്ചരിക്കുകയായിരുന്ന മിതാലിക്കു നേരെ മാരുതി സ്വിഫ്റ്റ് കാറിലെത്തിയ മുഖം മൂടി ധരിച്ച സംഘം വെടിവെക്കുകയായിരുന്നു. മൂന്നു വെടിയുണ്ടകളില്‍ രണ്ടെണ്ണം ലക്ഷ്യം തെറ്റി കാറിന്റെ ഗ്ലാസില്‍ പതിക്കുകയും മറ്റൊന്ന് മിതാലിയുടെ വലതു കൈയില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഭര്‍ത്താവുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് മിതാലി പോലീസിനോടു പറഞ്ഞു. സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമായിട്ടില്ല.